ക്യാന്‍സര്‍ ബാധിച്ച മുതിര്‍ന്ന ദമ്പതികള്‍ക്ക് കൈത്താങ്ങായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്

ശിവ് ചരണ്‍ (ഇടത്ത്‌)

ദില്ലി : സമൂഹ മാധ്യമമായ  ട്വിറ്റെറില്‍ എന്നും മിന്നും താരമാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്ററില്‍ വരുന്നവരെ നിരാശരാക്കാന്‍ സുഷമ സ്വരാജിന് അറിയില്ല എന്ന് വരെ പൊതു സമൂഹത്തില്‍ സംസാരമുണ്ട്. ഇത്തവണ സുഷമ സ്വരാജിന്റെ സഹായം ലഭിച്ചത് ക്യാന്‍സര്‍ ബാധിച്ച് ഫ്രാന്‍സില്‍ കുടുങ്ങിയ മുതിര്‍ന്ന ദമ്പതികള്‍ക്കാണ്. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ മോഹന്‍കുമാറിനെ വിളിച്ച് ദമ്പതികള്‍ക്ക് നാട്ടില്‍ വരാന്‍ ആവശ്യമായ നടപടികള്‍ നേരിട്ട് സ്വീകരിക്കാന്‍ ആണ് സുഷമ നിര്‍ദേശിച്ചത്. ഭാര്യ ക്യാന്‍സര്‍ ബാധിതയാണെന്നും നാട്ടില്‍ വരുവാന്‍ ബുദ്ധിമുട്ടുകയാണെന്നും പറഞ്ഞ് ഉദയ്പൂര്‍ സ്വദേശി ശിവ് ചരണ്‍ യൂറ്റൂബില്‍ ചൊവ്വാഴ്ച്ചയാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട സുഷമ സ്വരാജ്, ഫ്രാന്‍സിലെ ഇന്ത്യന്‍ വംശജരോട് ശിവ് ചരണിനെയും ഭാര്യയെയും കണ്ടെത്തുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ സുഷമയുടെ നിര്‍ദേശ പ്രകാരം ശിവ് ചരണിനെ കണ്ടെത്തി വേണ്ട യാത്രാ നടപടികള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചു. ആരോഗ്യം മോശമായ ഇരുവരെയും പോലീസ് അകമ്പടിയോടു കൂടിയാണ് വിമാനത്താവളത്തില്‍ എത്തിച്ചത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയോട് ഇവര്‍ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ സുഷമയുടെ നിര്‍ദേശമുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്ത് പ്രതിസന്ധി ഉണ്ടായാലും അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയെ അക്കാര്യം ട്വീറ്റര്‍ മുഖാന്തരം അറിയിക്കണമെന്ന് സുഷമയുടെ നിര്‍ദേശമുണ്ടായിരുന്നു.

DONT MISS
Top