ഡിജിറ്റല്‍ വിപ്ലവത്തില്‍ കണ്ണ് തള്ളി ടെക്കികള്‍; രാജ്യാന്തര ടെക്ക് മേളയെ അമ്പരിപ്പിച്ച 8 ഉത്പന്നങ്ങള്‍

രാജ്യാന്തര ടെക്ക് മേളയായ സിഇഎസ് 2017 ല്‍ കണ്ടത് വരാനിരിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ സൂചനകളാണ്. പുത്തന്‍ ആശയങ്ങളിലൂടെയും വിപണന സാധ്യതകളിലൂടെയും ഡിജിറ്റല്‍ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ ശക്തി തെളിയിക്കുമ്പോള്‍, നിലവിലെ സാങ്കേതികള്‍ എല്ലാം പഴങ്കഥയായി മാറുന്നു.

ഇത്തവണ ലാസ് വേഗാസില്‍ സമാപിച്ച സിഇസ് 2017 ല്‍ ഭീമന്മാര്‍ മുതല്‍ ഇത്തിരി കുഞ്ഞന്മാര്‍ വരെ ടെക്കികളെ ഞെട്ടിച്ചുവെന്നതാണ് ശ്രദ്ധേയം. ചിലര്‍ ഭീമാകാരമായ ഉത്പന്നങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയപ്പോള്‍, ചിലര്‍ പുത്തന്‍ ആശയങ്ങളുടെ പിന്‍ബലത്തില്‍ വിസ്മയിപ്പിച്ചു.

ഓഗ്മെന്റഡ് റിയാലിറ്റിയില്‍ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ മുതല്‍ ടിവിയില്‍ വരെ പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചു.

സിഇഎസ് 2017 ല്‍ തിളങ്ങിയ ചില താരങ്ങള്‍-

അസൂസ് സെന്‍ഫോണ്‍ AR-

സിഇഎസ് 2017 ലെ താരമാണ് അസൂസ്. ഫ്ളാഗ്ഷിപ്പ് മോഡലായ സെന്‍ഫോണ്‍ AR (Asus Zenfone AR) ലൂടെയാണ് അസൂസ് ഇത്തവണ ടെക്ക് ലോകത്തെ ഞെട്ടിച്ചത്. എന്താണ് ഇത്ര മേന്മ എന്നല്ലേ? 8 ജിബി റാം ഉള്‍പ്പെട്ടിട്ടുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് സെന്‍ഫോണ്‍ AR. ഇത് മാത്രമല്ല, ഗൂഗിള്‍ ടാംഗോ എന്ന ഓഗ്‌മെന്റഡ് റിയാലിറ്റി പ്രോഗ്രാമും, വിര്‍ച്ച്വല്‍ റിയാലിറ്റി സോഫ്റ്റ് വെയറായ ഡെയ് ഡ്രീമിന്റെയും (DayDream) പിന്തുണയുണ്ട് അസൂസിന്റെ സെന്‍ഫോണ്‍ AR ന്.

ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 835-

നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ മൊബൈല്‍ പ്രോസസര്‍ ശ്രേണിയിലെ പുതു തലമുറയെ ക്വാല്‍ക്കോം സിഇഎസ് 2017 ല്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറില്‍, മികച്ച LTE കണക്ടിവിറ്റിക്കായി X16 LTE യെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10nm FinFET പ്രക്രിയയിലൂടെയാണ് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറിനെ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ, Quick Charge 4.0 സാങ്കേതികതയ്ക്കുള്ള പിന്തുണയും സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറിനെ വ്യത്യസ്തമാക്കുന്നു.

എല്‍ജി സിഗ്നേച്ചര്‍ ‘വാള്‍പേപ്പര്‍’ ടിവി-

ഒരു താക്കോലിന്റെ അത്രയും മാത്രം വീതിയുള്ള W സിരീസ് ടിവിയെ അവതരിപ്പിച്ചാണ് എല്‍ജി ഞെട്ടിച്ചത്. 65 ഇഞ്ച്, 77 ഇഞ്ച് സ്‌ക്രീന്‍ സൈസുകളില്‍ എല്‍ജിയുടെ W സിരീസ് ടിവി ലഭ്യമാണ്.

ടിവിക്ക് ഒപ്പം ഉള്‍പ്പെടുത്തിയിട്ടുള്ള സൗണ്ട് ബാറിനെ, ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് HDMI, USB ആയി ഉപയോഗിക്കാം. ഏകദേശം 5,45000 രൂപയാണ് 65 ഇഞ്ച് വേര്‍ഷന്റെ വില.

സോണി ബ്രാവിയ XBR-A1E Bravia 4K OLED TV-

എന്നത്തേയും പോലെ മറ്റൊരു ബ്രാവിയ ടിവിയുമായാണ് സോണിയുടെ വരവ് എന്ന് കരുതിയാല്‍ തെറ്റി. സിഇഎസ് 2017 കണ്ട പുത്തന്‍ ആശയങ്ങളില്‍ ഒന്നാണ് സോണി അവതരിപ്പിച്ചിട്ടുള്ളത്. ഈ മോഡലില്‍ സോണി എവിടെയും സ്പീക്കറുകളെ നല്‍കിയിട്ടില്ല. സ്‌ക്രീനില്‍ നിന്ന് തന്നെയാണ് ഇതിന്റെ ശബ്ദം പുറത്ത് വരിക. അതിനാല്‍ ദൃശ്യ-ശ്രവ്യാനുഭവത്തെ പുത്തന്‍ തലങ്ങളിലെത്തിക്കുകയാണ് സോണി.

ഡെല്‍ ക്യാന്‍വാസ്-

മൈക്രോസോഫ്റ്റിന്റെ സര്‍ഫെയ്‌സ് സ്റ്റുഡിയോയെ എതിരിടാനായാണ് ഡെല്‍ തങ്ങളുടെ ക്യാന്‍വാസിനെ അവതരിപ്പിച്ചിട്ടുള്ളത്. ക്യാന്‍വാസ് എന്ന ആശയത്തെ ഡെല്‍, 2014 ലാണ് ആദ്യമായി അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് സ്റ്റുഡിയോ യെ പോലെ, ഡെവലപ്പേഴ്‌സിനെയും ഡിസൈനേഴ്‌സിനെയും ലക്ഷ്യമാക്കിയാണ് ക്യാന്‍വാസിനെ ഡെല്‍ ഒരുക്കിയിട്ടുള്ളത്. 27 ഇഞ്ച് Quad HD ഡിസ്‌പ്ലേയാണ് ക്യാന്‍വാസില്‍ ഡെല്‍ നല്‍കിയിട്ടുള്ളത്.

സാംസങ്ങ് ഒഡീസി ഗെയിമിങ്ങ് ലാപ്‌ടോപ്-

ഏലിയന്‍വെയറുകള്‍ക്ക് സമമായി സാംസങ്ങ് ഗെയിമിങ്ങിനായി അണിനിരത്തിയിട്ടുള്ള ലാപ്‌ടോപ് ശ്രേണിയാണ് ഒഡീസി. 17.3 ഇഞ്ച്, 15.6 ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലായാണ് ഒഡീസിയെ സാംസങ്ങ് ഒരുക്കിയിട്ടുള്ളത്. അതേസമയം, ഇരു മോഡലുകളും ഇന്റലിന്റെ ഏറ്റവും പുതിയ കാബി ലെയ്ക്ക് പ്രോസസറിലാണ് പ്രവര്‍ത്തിക്കുക. കൂടാതെ, സാംസങ്ങിന്റെ തന്നെ ഹെക്‌സാ ഫ്‌ളോ വെന്റ് കൂളിങ്ങ് സിസ്റ്റമാണ് ഇരു മോഡലുകളിലും നല്‍കിയിട്ടുള്ളത്.

സാംസങ്ങ് സ്മാര്‍ട്ട് ക്ലോത്തിങ്ങ്-

സിഇഎസ് 2017 നെ അമ്പരിപ്പിച്ച മറ്റൊരു ആശയമാണ് സാംസങ്ങില്‍ നിന്നുള്ള സ്മാര്‍ട്ട് ക്ലോത്തിങ്ങ്. എന്‍എഫ്‌സി ടാഗോട് കൂടിയ സ്യൂട്ടും, സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ്ങിനായുള്ള സോളാര്‍ പാനല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പഴ്‌സ് എന്നിങ്ങനെയുള്ള ഒരു പിടി സവിശേഷതകളാണ് സാംസങ്ങ് ക്ലോത്തിങ്ങിന് ഉള്ളത്.

ഫാരഡെ ഫ്യൂച്ചര്‍ FF91-

ഇലക്ടിക്ക് ലക്ഷ്യൂറി കാറായ ടെസ്ല മോഡല്‍ S കാറിനെക്കാളും വേഗതിയില്‍ ആക്‌സിലറേഷന്‍ ഉള്ള മോഡലാണ് ഫാരഡെ ഫ്യൂച്ചറിന്റെ FF91. സ്വയം പാര്‍ക്ക് ചെയ്യാന്‍ FF91 ന് സാധിക്കും. 2018 ഓടെ ഇത് വിപണിയിലെത്തുമെന്നാണ് ഫാരഡെ ഫ്യൂച്ചര്‍ അറിയിച്ചത്. പത്ത് ഹൈ ഡെഫിനിഷന്‍ ക്യാമറകളും, 12 അള്‍ട്ര സോണിക്ക് സെന്‍സറുകളും, 12 ലോങ്ങ്-ഷോര്‍ട്ട് റേഞ്ച് റഡാറുകളും FF91 മോഡല്‍ ഇലക്ട്രിക് കാറില്‍ ഫാരഡെ ഫ്യൂച്ചര്‍ ഒരുക്കിയിട്ടുണ്ട്.

DONT MISS
Top