ഒരു സമുദായത്തെയും പേരെടുത്ത് പറഞ്ഞിട്ടില്ല; ജനസംഖ്യാ വര്‍ധന നിയന്ത്രിക്കപ്പെടേണ്ടതാണ്, വിവാദപ്രസംഗത്തെ ന്യായീകരിച്ച് സാക്ഷി മഹാരാജ്

സാക്ഷി മഹാരാജ്

ദില്ലി : മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബിജെപി എംപി സാക്ഷി മഹാരാജ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. താന്‍ ഒരു സമുദായത്തെയും പേരെടുത്ത് പറഞ്ഞിട്ടില്ല. തെറ്റായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കപ്പെടേണ്ടതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും സാക്ഷി മഹാരാജ് പറഞ്ഞു.


തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന വാദം തെറ്റാണ്. തെരഞ്ഞെടുപ്പ് യോഗത്തിലല്ല, സന്യാസിമാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് താന്‍ സംസാരിച്ചത്. സ്ത്രീകള്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങളല്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷന് മുന്നില്‍ ഹാജരായശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബിജെപി എംപി പറഞ്ഞു.


മീററ്റില്‍ ഒരു യോഗത്തിനിടെയാണ് ഉന്നാവോ എംപി കൂടിയായ സാക്ഷി മഹാരാജ് വിവാദപ്രസംഗം നടത്തിയത്.

‘രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ല. ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാല്‍പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവര്‍ ഉള്ളതുകൊണ്ടാണ്.’ മാതാവ് എന്നത് കുട്ടികളെ ജനിപ്പിക്കുന്ന യന്ത്രങ്ങളല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

സാക്ഷി മഹാരാജിന്റെ വിവാദ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി കോണ്‍ഗ്രസാണ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാക്ഷി മഹാരാജിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.

മുമ്പും വിദ്വേഷം ജനിപ്പിക്കുന്ന വിവാദപ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള നേതാവാണ് സാക്ഷി മഹാരാജ്. ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കാനായി ഓരോ ദമ്പതികളും നാലു കുട്ടികളെ ജനിപ്പിക്കണമെന്ന് 2015 ജനുവരിയില്‍ സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.

മുസ്ലിം സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാള്‍ ദയനീയമാണെന്നും, രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും, മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള സാക്ഷി മഹാരാജിന്റെ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

DONT MISS
Top