മെസിയെയും, റൊണാള്‍ഡോയെയും കടത്തി വെട്ടിയ മാസ്മരിക ഫ്രീ കിക്ക്; വണ്ടര്‍ ഗോളിന് മുന്നില്‍ നമിച്ച് ഫുട്ബോള്‍ ലോകം

മുഹമ്മദ് ഫൈസ് സുബ്രി

ഫുട്‌ബോള്‍ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഒന്നൊന്നര ഗോളായിരുന്നു അത്. മുഹമ്മദ് ഫൈസ് സുബ്രിയെന്ന മലേഷ്യക്കാരനെ ലോകം തിരിച്ചറിഞ്ഞത് ഈ ഒറ്റ ഗോളിലൂടെയായിരുന്നു. സുബ്രിയുടെ ഫ്രീ കിക്ക് ഗോളാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം നേടിയത്.

മലേഷ്യന്‍ സൂപ്പര്‍ ലീഗിലായിരുന്നു സുബ്രിയുടെ വണ്ടര്‍ ഗോള്‍ പിറന്നത്. പഹാങ്ങിനെതിരെയായിരുന്നു പിനാങ് താരമായ സുബ്രിയുടെ ബൂട്ടില്‍ നിന്നുമുള്ള മനോഹര ഗോള്‍. ബോക്‌സിന് പുറത്ത്  ഇടതു വിങ്ങില്‍ നിന്നുമെടുത്ത കിക്ക് പോസ്റ്റിന്റെ ഇടതു ഭാഗത്തെത്തുമെന്നാണ് ഗോളി പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഗോളി മുഹമ്മദ് നസ്‌റില്‍ നൗര്‍ദിനെ അമ്പരപ്പിച്ച് കൊണ്ട് പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പറന്നിറങ്ങി. ഗ്യാലറിയില്‍ തിങ്ങിക്കൂടിയ ആരാധകരും, മൈതാനത്തുണ്ടായ താരങ്ങളുമെല്ലാം ഗോള്‍ കണ്ട് അന്തം വിട്ട് പോയി.

ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ആരാധകര്‍ സുബ്രിയുടെ വണ്ടര്‍ ഗോള്‍ പുസ്‌കാസ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. വെനസ്വേലയുടെ ഡാനിയുസ്‌ക റോഡ്രിഗസിനെയും, ബ്രസീലിന്റെ മര്‍ലോണിനെയും പിന്തള്ളിയാണ് സുബ്രി പുരസ്‌കാരത്തിനര്‍ഹനായത്.

DONT MISS
Top