സ്വന്തം പ്രസവം കൗതുകകരമായി ചിത്രീകരിച്ച് യുവതി; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ച്യൂബക്ക മുഖംമൂടി അണിഞ്ഞ കെയ്റ്റി (വീഡിയോയില്‍നിന്ന്)

പ്രസവം വേദനാജനകമായ അനുഭവമാണ്, പിന്നീട് അത് സന്തോഷം തരുമെങ്കില്‍പോലും. പ്രസവ വേദനയുടെ തീവ്രതയേപ്പറ്റി ആരും പറഞ്ഞുമനസിലാക്കിക്കേണ്ട ആവശ്യവുമില്ല. അതുകൊണ്ടുതന്നെ പ്രസവ വേദനയോടെ ഒരു സ്ത്രീ കരയുന്ന ദൃശ്യം കാണുന്നവരില്‍ എന്തു പ്രതികരണമാണുണ്ടാക്കുക? മുഖം തിരിക്കുമെന്നുറപ്പ്. എന്നാലത് കൗതുകകരമായി ചിത്രീകരിച്ച് കാണുന്നവരില്‍ ചിരിയുണര്‍ത്താന്‍ ശ്രമിച്ചിരിക്കുകയാണ് ഒരു യുവതി.

തന്റെ പ്രസവ വേദന കാണുന്നവരില്‍ ചിരിയുണര്‍ത്തിക്കൊണ്ട് കെയ്റ്റി സ്‌ട്രൈക്കര്‍ എന്ന ഡെട്രോയിറ്റ് സ്വദേശിയായ യുവതിയാണ് വ്യത്യസ്തമായ ഈ രീതി പരീക്ഷിച്ചത്. വേദനയോടെ പുളഞ്ഞപ്പോള്‍ ച്യൂബക്ക മുഖംമൂടി അണിഞ്ഞ്‌ ഇവര്‍ സ്വന്തം വീഡിയോ ചിത്രീകരിച്ചു. ച്യൂബക്ക മുഖംമൂടി അണിഞ്ഞ് ശബ്ദം പുറപ്പെടുവിച്ചാല്‍ കഴുത്ത് അമര്‍ന്ന് ചിരിയുണര്‍ത്തുന്ന ഒരു ശബ്ദമാണ് പുറത്തുവരിക. ഇതാണ് കെയ്റ്റി സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയത്. ഇവര്‍ ഇത്ര കഷ്ടപ്പെട്ട് ഇങ്ങനെയൊക്കെ ചെയ്തത് വ്യക്തമായ ഉദ്ദേശത്തോടെതന്നെയാണ്. ‘അമ്മയാവുകയാണെങ്കിലും ഞാന്‍ ഒട്ടും വളര്‍ന്നിട്ടില്ല’ എന്നാണ് വീഡിയോയുടെ ഒപ്പം കെയ്റ്റി പ്രസ്താവിച്ചത്.

ശേഷം കെയ്റ്റി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയായാലും സ്ത്രീകളിലെ കുട്ടിത്തം വിട്ടുമാറുന്നേയില്ല എന്ന സന്ദേശം പകര്‍ന്ന് വീഡിയോ പുറത്തുവന്നതോടെ കെയ്റ്റിക്ക് സോഷ്യല്‍ മീഡിയായില്‍ ഒരാരാധക വൃന്ദംതന്നെ രൂപപ്പെട്ടിരിക്കുകയാണ്. നിരവധിയാളുകളാണ് അമ്മയ്ക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നത്.

ച്യൂബക്ക മുഖംമൂടി അണിഞ്ഞ ഒരു യുവതി തന്റെതന്നെ രൂപവും ശബ്ദവും മനസിലാക്കി ആര്‍ത്തുചിരിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. സ്റ്റാര്‍ വാര്‍സ് എന്ന വിഖ്യാത ചലച്ചിത്ര പരമ്പരയിലെ പ്രശസ്ത കഥാപാത്രമാണ് ച്യൂബക്ക.

DONT MISS
Top