ഉത്സവകാലങ്ങളില്‍ സിനിമാ സമരങ്ങള്‍ പാടില്ല എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണം: സത്യന്‍ അന്തിക്കാട്

സത്യന്‍ അന്തിക്കാട്

കൊച്ചി: തിയേറ്ററുകള്‍ നടത്തുന്ന സമരത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലങ്ങളില്‍ സിനിമാ സമരങ്ങള്‍ പാടില്ല എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണമെന്ന് സത്യന്‍ അന്തിക്കാട് ആവശ്യപ്പെട്ടു. ‘മാതൃഭൂമി ആഴ്ചപതിപ്പി’ലെ ‘ട്രൂ കോപ്പി’ എന്ന പംക്തിയിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം ആവശ്യപ്പെടുന്നത്. തന്റെ ഫെയ്‌സ്ബുക്കിലും അദ്ദേഹം ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിചിത്രമായ സമരത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മലയാള സിനിമ. ചരിത്രത്തില്‍ ആദ്യമായാണ് ‘മുതലാളി സമരം’ നടക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാടാണ് ഇതെന്ന് അവരില്‍ ചിലര്‍ക്കെങ്കിലും ഇപ്പോള്‍ തോന്നുന്നുണ്ട്. സംഘടനാ നേതാവിന്റെ അമ്പില്‍ മുറിവേറ്റത് നാല് നിര്‍മ്മാതാക്കള്‍ക്കാണെങ്കില്‍ തകര്‍ന്നു പോയത് 300-ല്‍ പരം തിയേറ്റര്‍ ഉടമകളാണ്.

ചന്തയില്‍ വെട്ടിമുറിച്ച് വില പേശി വില്‍ക്കാവുന്ന ഒരു ഉല്‍പ്പന്നമാണോ സിനിമ? ‘മലയാള വാരികകള്‍ ഹിന്ദി, തമിഴ് കഥകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് പറയും പോലെ അര്‍ഥശൂന്യമാണത്.’ എന്ന് എന്‍എസ് മാധവന്‍ പറഞ്ഞത് മലയാളികള്‍ക്ക് പെട്ടെന്ന് മനസിലാകുന്ന ഉദാഹരണമായിരുന്നു. തമിഴ്‌നാട്ടിലോ കര്‍ണാടകത്തിലോ ഏതെങ്കിലും തിയേറ്റര്‍ ഉടമകള്‍ പ്രാദേശിക സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് പറയുമോ?

സിനിമ ഒരു ശീലമാണ്. വായുവും വെള്ളവും പോലെ മനുഷ്യന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നല്ല സിനിമ. കുറേക്കാലം തിയേറ്ററില്‍ പോകാതിരുന്നാല്‍ പതുക്കെ പതുക്കെ ആ ശീലം ഇല്ലാതാകും. സിനിമയോടുള്ള അഭിനിവേശത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കരുത് എന്നും സത്യന്‍ അന്തിക്കാട് ആവശ്യപ്പെട്ടു.

സത്യന്‍ അന്തിക്കാട് എഴുതിയതിന്റെ പൂര്‍ണ രൂപം:

കച്ചവടത്തിലെ വില്ലൻ വേഷങ്ങൾ

മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു സമരത്തിനു മുന്നിൽ പകച്ചു നില്കുകയാണ് മലയാള സിനിമ. വേതന വർദ്ധനവിനും ജോലിസമയ ഏകീകരണത്തിനുമൊക്കെയായി ഇവിടെ സമരങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ തൊഴിലാളി സമരങ്ങളായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ‘മുതലാളിസമരം’ അതും സിനിമയുടെ ഏറ്റവും നല്ല കൊയ്ത്തുകാലം എന്നു പറയപ്പെടുന്ന ക്രിസ്ത്മസ് അവധിക്കാലത്ത്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏർപ്പാടായിപ്പോയി അതെന്ന് സമരക്കാരിൽ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ട്. കാരണം സംഘടനാ നേതാവിന്റെ അമ്പിൽ മുറിവേറ്റത് നാലു നിർമ്മാതാക്കൾക്കാണെങ്കിൽ, തകർന്നുപോയത് മുന്നൂറിൽ പരം തിയേറ്റർ ഉടമകളാണ്. ഉത്സവകാലത്ത് ഒരു ഈച്ച പോലും കയറാതെ തിയേറ്ററുകൾ വിജനമായികിടന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടമാണ് ഉണ്ടായതെന്ന് ഇപ്പൊൾ അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.
എന്റെ സംശയം അതൊന്നുമല്ല. ചന്തയിൽ വെട്ടിമുറിച്ച് വില പേശി വിൽക്കാവുന്ന ഒരു ഉത്പന്നമാണോ സിനിമ? അതൊരു ഫാക്ടറിയിൽ യന്ത്രങ്ങളാൽ നിർമ്മിക്കപ്പെടുന്ന വസ്തുവല്ലല്ലൊ. ഒരു കൂട്ടം കലാകാരന്മാരുടെ വളരെക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഓരോ സിനിമയും. അതിനൊരു വിലയും കല്പിക്കാതെയല്ലേ ഈ വെല്ലുവിളികളൊക്കെ നടത്തുന്നത്?
‘ജോമോന്റെ സുവിശേഷങ്ങളു’ടെ ആശയം ഇക്ബാൽ കുറ്റിപ്പുറം എന്നോട് പറയുന്നത് ഒരു വർഷം മുൻപാണ്. അതൊരു കഥയായും തിരക്കഥയായും വികസിപ്പിക്കാൻ പിന്നേയും മാസങ്ങളെടുത്തു. റഫീക്ക് അഹമ്മദ് എന്ന കവി ഗാനങ്ങളെഴുതി. വിദ്യാസാഗർ സംഗീതം പകർന്നു. എസ്.കുമാർ നിഴലും വെളിച്ചവും ക്രമീകരിച്ച് അത് ക്യാമറയിലാക്കി. കലാസംവിധായകൻ, അഭിനേതാക്കൾ, വസ്ത്രങ്ങൾ ഡിസൈൻ ചെയ്തവർ, പാടിയവർ- അങ്ങനെ എത്രയോ പേർ ഈ സിനിമക്കു വേണ്ടി മനസ്സുരുകി പ്രവർത്തിച്ചു! ഒടുവിൽ ഞങ്ങളുടെ സ്വപ്ന സായുജ്യമായി അത് പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കുന്നതിന്റെ തൊട്ടുമുൻപ് ഒരു സംഘടന പറയുന്നു- ”ഇല്ല; ഞങ്ങളിത് പ്രേക്ഷകരെ കാണിക്കില്ല.”


കാര്യമെന്തായാലും അതിലൊരു മനുഷ്യത്വമില്ലായ്മയുണ്ട്. മര്യാദകേടുണ്ട്. അതിലേറെ മര്യാദകേടായിരുന്നു ”ഞങ്ങൾക്ക് മലയാള സിനിമ വേണ്ട. അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിച്ചോളാം” എന്ന പ്രഖ്യാപനം. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതുപോലെ തികഞ്ഞ അഹങ്കാരമായിരുന്നു അത്.
എൻ.എസ്. മാധവൻ സോഷ്യൽ മീഡിയയിലെഴുതിയ വാക്കുകൾ തന്നെയാണ് അതിനുള്ള മറുപടി. ”മലയാള വാരികകൾ ഹിന്ദി, തമിഴ് കഥകൾ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് പറയും പോലെ അർഥശൂന്യമാണത്.” മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഉദാഹരണമായിരുന്നു എൻ.എസ്. മാധവന്റേത്.

തമിഴ്‌നാട്ടിലോ കർണ്ണാടകത്തിലോ ഏതെങ്കിലും തിയേറ്റർ ഉടമകൾ ‘ഞങ്ങളിനി പ്രാദേശിക സിനിമകൾ പ്രദർശിപ്പിക്കില്ല” എന്നു പറയാൻ ധൈര്യപ്പെടുമോ? വിവേകശാലികളാണ് നമ്മൾ. പക്ഷേ, അതൊരു ദൗർബല്ല്യമായി കാണരുത്.
‘മുന്തിരിവള്ളികൾ തളിർത്തപ്പോൾ’ എന്ന സിനിമയുടെ നിർമ്മതാവ് സോഫിയാപോൾ വിളിച്ചുപറഞ്ഞു: ”ഇത്ര അപകടമാണ് സ്ഥിതി എന്നറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഈ രംഗത്തേക്ക് വരുമായിരുന്നില്ല.” അവർ മലയാള സിനിമയെ സ്‌നേഹിക്കുന്ന സ്ത്രീസമൂഹത്തിന്റെ പ്രതിനിധിയാണ്. ആ ചിത്രത്തിന്റെ സംവിധായകൻ, ജിബു ജേക്കബും പുതിയ ആളാണ്. വെള്ളിമൂങ്ങയ്ക്കുശേഷം ഒരുപാട് മോഹങ്ങളോടെയാണ് ഒരു മോഹൻലാൽ ചിത്രം ഒരുക്കിയത്. അവരുടെയൊക്കെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കുമാണ് ഈ സമരം മങ്ങലേൽപ്പിച്ചത്.

സേതുമണ്ണാർക്കാട് എന്ന പ്രൊഡക്ഷൻ കണ്ട്രോളറാണ് ജോമോൻ നിർമ്മിച്ചത്. നിർമ്മാണരംഗത്തേക്കുള്ള സേതുവിന്റെ ആദ്യത്തെ കാൽവെപ്പ്. കിട്ടുന്ന വരുമാനത്തിന്റെ നേർപ്പകുതി ഞങ്ങൾക്ക് എന്ന് അവസാന നിമിഷത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ അതിനൊരു ഗുണ്ടാപ്പിരിവിന്റെ ലക്ഷണമില്ലേ എന്ന് സംശയിച്ചാൽ തെറ്റുപറയാൻ പറ്റുമോ? ഇനിയൊരു സിനിമയെടുക്കാൻ പുതിയ നിർമ്മാതാക്കൾക്ക് എങ്ങനെയാണ് ധൈര്യം വരിക?
അധികമാരും ഓർക്കാതെപോകുന്ന ഒരു സത്യമുണ്ട്. സിനിമ ഒരു ശീലമാണ്. വായുവും വെള്ളവുംപോലെ ഒരു മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല സിനിമ. കുറെക്കാലം തിയറ്ററുകളിൽ പോകാതിരുന്ന ഒരാൾക്ക്‌ പതുക്കെപ്പതുക്കെ ആ ശീലം ഇല്ലാതാകും. ഇത്തരം സമരങ്ങൾ പ്രേക്ഷകരെ താത്പര്യമില്ലായ്മയിലേക്കാണ് നയിക്കുക.
ഏൺപതുകൾക്ക് ശേഷം സിനിമയ്ക്ക് പുതിയൊരു ഉണർവുണ്ടായ കാലമാണ് 2016. അല്പമെങ്കിലും ഗുണമുണ്ടെന്നു തോന്നിയ എല്ലാ സിനിമകളും പ്രേക്ഷകർ വിജയിപ്പിച്ചു. സിനിമയോടുള്ള അവരുടെ അഭിനിവേശത്തിനു മുന്നിൽ വാതിൽ കൊട്ടിയടക്കരുത്. അതുപോലെത്തെന്നെ ഓണം, വിഷു, ക്രിസ്ത്മസ് തുടങ്ങിയ ഉത്സവകാലത്ത് സിനിമാസമരങ്ങൾ പാടില്ലെന്ന് ഉത്തരവിറക്കാൻ സർക്കാരും തയ്യാറാകണം.
മലയാളത്തിൽ സിനിമ എന്ന കലാരൂപം ഉണ്ടായിട്ട് നൂറുവർഷം തികഞ്ഞിട്ടില്ല. ഈ രംഗത്ത് അദ്ഭുതങ്ങൾ കാഴ്ചവെക്കാൻ കഴിവുള്ള ഒരു യുവതലമുറ പിന്നിൽ വളർന്നു വരുന്നുണ്ട്. കച്ചവടത്തിന്റെ വാളോങ്ങി അവരെ വിരട്ടരുത്. കാരണം അതിനെ അതിജീവിക്കാനുള്ള സാങ്കേതിക ആയുധങ്ങളുമായാണ് അവർ വരുന്നത്. ആ ഓർമ്മയുണ്ടാകുന്നത് നല്ലതാണ്.

ട്രൂ കോപ്പി – മാതൃഭൂമി ആഴ്ചപ്പതിപ്പ്

ഫെയ്സ്ബുക്ക് പോസ്റ്റ്:

കച്ചവടത്തിലെ വില്ലൻ വേഷങ്ങൾമുൻപെങ്ങും കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു സമരത്തിനു മുന്നിൽ പകച്ചു നില്കുകയാണ് മലയാള സിനിമ…

Posted by Sathyan Anthikad on Monday, January 9, 2017

DONT MISS
Top