ജിഷ്ണുവിന്റെ രക്തത്തിന് പകരം ചോദിക്കാൻ ഹാക്കർമാരും; നെഹ്റു കോളേജിന്റെ വെബ്സൈറ്റ് മലയാളി ഹാക്കർമാർ തകർത്തു

തൃശ്ശൂര്‍: നെഹ്‌റു കോളേജ് ഓഫ് എഞ്ചനീയറിംഗില്‍ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് കേരള സൈബര്‍ വാരിയേഴ്‌സ്. നെഹ്‌റു കോളേജ് ശൃഖലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് കേരള സൈബര്‍ വാരിയേഴ്‌സ് ജിഷ്ണുവിന്റെ നീതിക്കായി പോരാടാന്‍ ഇറങ്ങിയിരിക്കുന്നത്.

കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് നെഹ്‌റു കേളേജ് ശൃഖലയുടെ വെബ്‌സൈറ്റില്‍ കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു പ്രതിഭയെ നഷ്ടപ്പെട്ടു. വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടം മാത്രമാണെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് നെഹ്‌റു കേളേജ് ശൃഖലയുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തു. തങ്ങള്‍ തൃപ്തരല്ലെന്നും ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ തങ്ങള്‍ പോരാടുമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് വ്യക്തമാക്കി.

നമുക്ക് നഷ്ട്ടമായി ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന ഒരു അനുജനെ, രാജ്യത്തിന്‌ മുതല്‍ കൂട്ടാകുമായിരുന്ന ഒരു യവ്വനത്തെ. പണത്തിന്റെ വലിപ്പത്തില്‍ വിദ്യാഭ്യാസം അളന്നു കൊടുക്കുമ്പോള്‍ അതില്‍ പൊഴിഞ്ഞു പോകുന്ന ഒരുപാട് ജിഷ്ണുമാര്‍ നമുക്ക് മുന്‍പില്‍ ഉണ്ടെന്ന് കേരള സൈബര്‍ വാരിയേഴസ് സൂചിപ്പിച്ചു. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ ആണ് പണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതെങ്കില്‍ ഇന്നതൊരു കച്ചവടമായി.ഒരു പാട് പേരുടെ കണ്ണീര്‍ കൊണ്ട് ആ പണപെട്ടികള്‍ നിറഞ്ഞാലും മതി വരില്ല അവര്‍ക്കൊന്നും. ഇത് കണ്ടു മിണ്ടാതെ ഇരിക്കുന്നവരെ എങ്ങനെ നമുക്ക് മനുഷ്യനായി കണക്കാക്കാന്‍ പറ്റുമെന്ന് കേരള സൈബര്‍ വാരിയേഴ്സ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ അനീതിക്കെതിരെ പ്രതികരിക്കണമെന്നും നമ്മള്‍ ഉറക്കെ പറയും അവനെ കൊന്നത് “നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റുഷന്റെ തൃശ്ശൂരിലെ പാമ്പാടി എഞ്ചിനീയറിങ് കോളേജാണ്” എന്നും കേരള സൈബര്‍ വാരിയേഴ്സ് വ്യക്തമാക്കി.

“ഇല്ല കുഞ്ഞേ നിനക്ക് വേണ്ടി ഇവിടെ ആരും കവിത എഴുതില്ല,ഉറഞ്ഞു തുള്ളില്ല എല്ലാം പണത്തിന്റെ തൂക്കത്തില്‍ മാഞ്ഞു പോകുകയാണ്.അത് കൊണ്ട് നിനക്ക് വേണ്ടി ഞങ്ങളും ഈ സൈബര്‍ ലോകത്ത് പ്രതിഷേധിക്കുക ആണ്.നിനക്ക് നീതി വേണം നിന്റെ ഗതി നാളെ ഒരു അനുജനോ അനുജത്തിക്കോ ഉണ്ടാകാന്‍ പാടില്ല.നിന്റെ മരണത്തിനു ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം” – കേരള സൈബര്‍ വാരിയേഴ്സിന്റെ പോസ്റ്റില്‍ പറയുന്നു.

നിരവധി സൈബർ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബർ വാരിയേഴ്സ് ഉൾപ്പെടെയുള്ള മലയാളി ഹാക്കർമാർ. തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവർ തകർത്തിരുന്നു. ഫെയ്സ്ബുക്ക് ഞരമ്പന്മാർക്കെതിരെയാണ് നിലവിൽ സൈബർ വാരിയേഴ്സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലു ഹാക്കേഴ്സും സൈബർ വാരിയേഴ്സും ചേർന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകൾ പാകിസ്താൻ ഒരിക്കലും മറക്കാൻ സാധ്യതയില്ല. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകർത്തതിനെ തുടർന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തകർത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാർക്ക്. അവരാണ് ജിഷ്ണുവിന് നീതിതേടി ഈ കൃത്യം നിർവഹിച്ചിരിക്കുന്നത്.

സംഘത്തിൽ അധികമാളുകളും എഞ്ചിനീയർമാരാണ് എന്നുള്ളതും വിഷയത്തെ വൈകാരികമായി സമീപിക്കാൻ ഹാക്കർമാർക്ക് കാരണമായിട്ടുണ്ടാകാം. ഹാക്കിംഗ് എന്ന സൈബർ കുറ്റകൃത്യത്തെ സമൂഹത്തിന്റെ പ്രതികരണത്തിന്റെ വേദിയാക്കാനുള്ള പുത്തൻ ഇടപെടൽ ചരിത്രമാണ് മലയാളി ഹാക്കർമാർ സൃഷ്ടിക്കുന്നത്. ഇതിൽ ഒടുവിലത്തേതാണ് ജിഷ്ണുവിന്റെ മരണത്തിൽ ആരോപണവിധേയരായ കോളേജിനെതിരെയുള്ള സൈബർ ആക്രമണം.

മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ഉറപ്പു വരുത്തുന്നതിനായി ഓണ്‍ലൈന്‍ പെറ്റിഷന്‍ ക്യാംപയിന്‍ ഇന്നലെ ആരംഭിച്ചിരുന്നു. സംവിധായകന്‍ ആഷിഖ് അബു ഈ പെറ്റിഷന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഓണ്‍ലൈന്‍ പരാതിയുടെ ലിങ്ക് തുറന്ന ശേഷം പേര്, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ പെറ്റിഷനില്‍ ഒപ്പിടാന്‍ കഴിയും.

അതേസമയം, സംഭവത്തില്‍ തൃശൂര്‍ പാമ്പാടിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു, ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പരീക്ഷക്ക് കോപ്പിയടിച്ചെന്ന വ്യാജ പ്രചരണം നടത്തി പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചെന്ന് മരിച്ച ജിഷ്ണു പ്രണോയുടെ ബന്ധുക്കള്‍ ആരോപിച്ചു.

നേരത്തെ, ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു. മൂക്കില്‍ പരുക്കേറ്റ പാട് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജിഷ്ണുവിന്റേത് തൂങ്ങി മരണം തന്നെയാണെന്നും സ്ഥിരീകരണമുണ്ടായി. മൃതദേഹ പരിശോധനയില്‍ മൂക്കിന് പരുക്കേറ്റിട്ടുണ്ട് എന്ന് വ്യക്തമാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ജിഷ്ണുവിന് മര്‍ദ്ദനമേറ്റു എന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ക്ഷതങ്ങള്‍ ഇല്ല.

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മൂക്കിലെ പരുക്ക് ഗൗരവമായാണ് പൊലീസ് കാണുന്നത്. ജിഷ്ണുവിന്റെ സഹപാഠികള്‍, ആശുപത്രിയിലെത്തിയവര്‍, അധ്യാപകര്‍, കോളേജ് അധ്യാപകര്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കമുണ്ട്. അതേ സമയം സാങ്കേതിക സര്‍വ്വകലാശാല സംഘവും യുവജനകമ്മീഷനും ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.

വെള്ളിയാഴ്ച്ച വൈകിട്ടാണ് പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ ബാത്ത് റൂമിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ അടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നോക്കിയെഴുതി എന്നാരോപിച്ച് ജിഷ്ണുവിനെ അധ്യാപകര്‍ ശാസിച്ചെന്നും മാനേജ്‌മെന്റിന്റെ മാനസികമായ പീഡനമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ നേതൃത്വത്തില്‍ ഇന്നലെ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേ സമയം പരീക്ഷയില്‍ നോക്കിയെഴുതിയതിന് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്‌തെതെന്നും , ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും മാനേജ്‌മെന്റ് അറിയിച്ചു.

DONT MISS
Top