ഭാര്യയ്ക്ക് ട്രാന്‍സ്ഫര്‍ ചോദിക്കുന്നത് ഇത്ര വലിയ തെറ്റാണോ? യുവാവിന്റെ ചോദ്യത്തിന് മുന്നില്‍ പൊട്ടിത്തെറിച്ച് സുഷമ സ്വരാജ്

ദില്ലി: വീരേന്ദര്‍ സേവാഗിനെ പോലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ ട്വിറ്റര്‍ താരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും. സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്ററില്‍ വരുന്നവരെ നിരാശരാക്കാന്‍ സുഷമ സ്വരാജിന് അറിയില്ല എന്ന് വരെ പൊതു സമുഹത്തില്‍ സംസാരമുണ്ട്. പാക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, അതിര്‍ത്തി കടന്ന വധൂ-വരന്മാരുമെല്ലാം സുഷമ സ്വരാജിന്റെ മനസലിവില്‍ വിരിഞ്ഞ പൂക്കളാണ്. എന്നാല്‍ ട്വിറ്ററില്‍ പൊട്ടിത്തെറിച്ച സുഷമ സ്വരാജിനെ കണ്ട ഡിജിറ്റല്‍ സമൂഹം ഇന്നലെ ഞെട്ടി. സംഭവം എന്താണന്നല്ലേ?

പൂണെ ആസ്ഥാനമായുള്ള സ്മിത് രാജ് എന്ന ഐടി പ്രൊഫഷണല്‍, തന്റെ ഭാര്യയ്ക്ക് ട്രാന്‍സ്ഫര്‍ വേണമെന്ന് ചൂണ്ടിക്കാണിച്ച് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്യുകയായിരുന്നു. നേരത്തെ, ഇനി വിദേശകാര്യ മന്ത്രാലയവുമായുള്ള എന്ത് ആവശ്യങ്ങള്‍ക്കും ട്വിറ്ററില്‍ ട്വീറ്റ് ചെയാല്‍ മതിയെന്ന് സുഷമയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഈ വിരുതന്‍ സഹായ അഭ്യര്‍ത്ഥന നടത്തിയത്.

ഇതില്‍ എന്താണ് കുഴപ്പം എന്ന് സംശയിക്കാം. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള ഭാര്യയ്ക്ക് ട്രാന്‍സ്ഫര്‍ തരപ്പെടുത്താനാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഇദ്ദേഹം സമീപിച്ചത്.

സുഷമയുടെ സ്വതസിദ്ധ ശൈലി പ്രതീക്ഷിച്ച ഈ ഉദ്യോഗസ്ഥന്‍ ഞെട്ടി, കൂടെ ട്വിറ്ററും. ഇത് എന്റെ മന്ത്രാലയത്തിന് കീഴിലായിരുന്നു തന്റെ ഭാര്യ എങ്കില്‍ അപ്പോഴെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈയില്‍ തരുമായിരുന്നൂവെന്ന സുഷമയുടെ ട്വീറ്റില്‍ പകച്ച് പോയി എല്ലാവരും.

എന്തായാലും സുഷമയുടെ പൊട്ടിത്തെറിച്ച പ്രതികരണത്തിലും സ്മിത് രാജിന്റെ കാര്യങ്ങള്‍ക്ക് നടപടി ആരംഭിച്ചുവെന്ന് വേണം കരുതാന്‍. കാരണം, പ്രതികരണത്തില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനെ കൂടി സുഷമ ടാഗ് ചെയ്തിരുന്നു. പിന്നാലെ എത്തി സുരേഷ് പ്രഭുവിന്റെ മറുപടി. തനിക്ക് ട്രാന്‍സഫറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്ഫര്‍ വിഷയങ്ങള്‍ നല്‍കാമെന്നും സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.

സഹായം അഭ്യര്‍ത്ഥിക്കുന്നവരെ പോലെ തന്നെ ട്വിറ്ററില്‍ തന്നെ കളിയാക്കുന്നവരെയും സുഷമ സ്വരാജ് നിരാശരാക്കാറില്ല. മുമ്പ്, തന്റെ കാര്‍ കേഡായെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിരുതന്‍ സുഷമ സ്വരാജിന് ടാഗ് വരെ ചെയ്തിരുന്നു. സ്വതസിദ്ധ ശൈലിയിലുള്ള സുഷമയുടെ പ്രതികരണം ട്വിറ്ററില്‍ സുഷമ സ്വരാജിന്റെ പ്രതിഛായ വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ്. സുഷമ സ്വരാജിന്റെ ട്വിറ്റര്‍ നയതന്ത്രം രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. 2016 ലെ രാജ്യാന്തര ചിന്തകരുടെ പട്ടികയില്‍ സുഷമ സ്വരാജിന് സ്ഥാനം ലഭിച്ചതും ഇതേ ട്വിറ്റര്‍ നയതന്ത്രത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു.

DONT MISS
Top