സംവിധായകൻ കമൽ തീവ്രവാദിയെന്ന് ബിജെപി; രാജ്യം വിട്ടുപോകാനും ആവശ്യം

കോഴിക്കോട്: സംവിധായകന്‍ കമലിനെതിരെ വിവാദപ്രസ്താവനയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. കമലിന് തീവ്രവാദബന്ധമുണ്ട്. അദേഹം രാജ്യംവിടണമെന്നും രാധാകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

എംടി വാസുദേവന്‍നായര്‍ക്കെതിരെയാണ് നേരത്തെ പരാമര്‍ശങ്ങളുമായി എത്തിയതെങ്കില്‍ ഇത്തവണ സംവിധായകന്‍ കമലിനെതിരെയാണ് എഎന്‍ രാധാകൃഷ്ണന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. കമലിന് തീവ്രവാദബന്ധമുണ്ടെന്നും, എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും, കമല്‍ രാജ്യംവിടണമെന്നുമാണ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്നും എഎന്‍ രാധാകൃഷ്ണന്‍ പറയുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്നത് ചെഗുവേരയാണെന്നും അദേഹം ആരോപിച്ചു.

ഇതിന് മുന്‍പ് എംടിയെ വിമര്‍ശിച്ചും രാധാകൃഷണന്‍ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എംടി പ്രതികരിച്ചതെന്ന് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എംടി ഇപ്പോള്‍ ആര്‍ക്കോ വേണ്ടി സംസാരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. സേതുവും മോഹനവര്‍മയും ആ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എന്നാല്‍ എംടി കാര്യങ്ങള്‍ അറിയാതെ പ്രതികരിച്ചത് ശരിയായില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

DONT MISS
Top