പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുന്‍ഗണനയെന്ന് പ്രധാനമന്ത്രി; ഇന്ത്യയില്‍ നിക്ഷേപമിറക്കാനും പ്രവാസികളോട് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

ബംഗലൂരു: പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശരാജ്യങ്ങളിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മുപ്പത് ദശലക്ഷത്തോളം ഇന്ത്യക്കാരാണ് രാജ്യത്തിന് പുറത്ത് താമസിക്കുന്നത്. ഇവര്‍ രാജ്യത്തിനായി നല്‍കിയ സേവനങ്ങളെ ബഹുമാനത്തോടെയാണ് കാണുന്നത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ എത്രയും വേഗത്തില്‍ പ്രവാസികള്‍ക്ക് സേവനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.


പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ ഇതിനായി അവര്‍ ഫലപ്രദമായി ഉപയോഗിക്കുന്നതായും മോദി പറഞ്ഞു.

വിദേശത്ത് ജോലി ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കായി പ്രവാസി കൗശല്‍ വികാസ് യോജന എന്ന പേരില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ രാജ്യത്തിന്റൈ വികസനത്തിനായി സമയവും കഴിവും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.


ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. എഫ് ഡി ഐ എന്നാല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം എന്നു മാത്രമല്ല, ആദ്യം ഇന്ത്യ വികസിപ്പിക്കൂ എന്നതും കൂടിയാണെന്നും മോദി പറഞ്ഞു.


നിലവില്‍ പഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് ഉള്ള പ്രവാസികള്‍ ഉടന്‍ തന്നെ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ കാര്‍ഡ് ആക്കി മാറ്റി വാങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനുള്ള കാലാവധി ഈ വര്‍ഷം ജൂണ്‍ 30 വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു.

കള്ളപ്പണവേട്ടയ്‌ക്കെതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കിയ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി 21 ആം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

DONT MISS
Top