നോക്കിയ ഇ1, വില ഏകദേശം 9000 രൂപ; നോക്കിയ ബജറ്റ് ഫോണിന്റെ വിവരങ്ങള്‍ പുറത്ത്

നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍

ഒരു കാലത്ത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരുന്നു നോക്കിയയുടെ ഫോണുകള്‍. ആന്‍ഡ്രോയിഡിന്റെ കടന്നുവരവോടു കൂടി നോക്കിയ ഫോണുകളുടെ പ്രതാപം നഷ്ടപ്പെട്ട് പോകുകയാണ് ഉണ്ടായത്. ഇന്നിപ്പോള്‍ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാനാണ് നോക്കിയയുടെ ശ്രമം, ആന്‍ഡ്രോയിഡ് ഫോണുകളുടെ പ്രസരണത്തില്‍ ജീവന്‍ നിലച്ച അവര്‍ ആന്‍ഡ്രോയ്ഡ് കൊണ്ടു തന്നെ അതിജീവിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ന്യൂഗട്ട് അതിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് അവര്‍ അവതരിപ്പിക്കുന്നത്. മൈക്രോസോഫ്റ്റില്‍ നിന്നും നോക്കിയ ഫോണുകളുടെ നിര്‍മ്മാണം, അവതരണം, വിപണനം, പരസ്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ എച്ച്എംഡ് ഗ്ലോബല്‍ എന്ന കമ്പനി നേരത്തെ നേടിയിരുന്നു. മദറാണ് കമ്പനിയുടെ ഗ്ലോബല്‍ എജന്‍സിയായി പ്രവര്‍ത്തിക്കുക.

ഇന്നിപ്പോള്‍ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ കമ്പനി നോക്കിയ ഫോണുകള്‍ സര്‍ട്ടിഫൈ ചെയ്തുവെന്നും അവയുടെ സവിശേഷതകള്‍ വിവരിക്കുന്നതുമായ വാര്‍ത്തയാണ് നോക്കിയ പവര്‍യൂസര്‍ വെബ്‌സൈറ്റ് പുറത്തുവിടുന്നത്. ഇതു പ്രകാരം അവര്‍ പറയുന്നത് നോക്കിയയുടെ ബജറ്റ് ഫോണായ ഇ1 നെ പറ്റിയാണ്. എകദേശം ഒന്‍പതിനായിരം രൂപ വില വരുന്ന ഈ ഫോണിന് 5.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. സ്‌നാപ് ഡ്രാഗണിന്റെ 425 പ്രോസസ്സര്‍ കരുത്ത് പകരുന്ന ഫോണിന് അഡ്രിനോ 308 ഗ്രാഫിക്സ്സും ഉള്‍പ്പെടുന്നു. 16 ജി ബി സ്റ്റോറേജ് അവകാശപ്പെടുന്ന ഫോണിന് 2 ജി ബി യുടെ റാം നല്‍കിയിരിക്കുന്നു. 13 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 5 മെഗാപിക്സ്സലിന്റെ സെക്കണ്ടറി ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.

2017 ആരംഭത്തോടു തന്നെ നോക്കിയ എഴ് ഫോണുകള്‍ പുറത്തിറക്കുവാനാണ് പദ്ധതിയിടുന്നത്. ഇതില്‍ എന്‍ട്രി ലെവല്‍ ഫോണുകള്‍ മുതല്‍ ഹൈ എന്‍ഡ് ഫോണുകള്‍ വരെ ഉള്‍പ്പെടും. നേരത്തെ ഡി 1 സി ആയിരിക്കും നോക്കിയ ആദ്യം പുറത്തിറക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. അവരുടെ പ്രധാന മോഡലുകളില്‍ ഒന്നായ പി സീരീസിന് ആറ് ജിബി റാമിന് സ്‌നാപ്പ് ഡ്രാഗണ്‍ 835 പ്രോസസ്സറും 23 മെഗാപിക്‌സല്‍ കാള്‍ സീസ്സ് ക്യാമറയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യയുടെ മുഖമുദ്രയായിരുന്ന നോക്കിയ ഫോണുകള്‍ തിരിച്ചു കൊണ്ടുവരുന്നതിനായി തങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യുമെന്നും മുന്‍ കാലങ്ങളിലെ പോലെ വിശ്വസിനീയമായ ഉത്പന്നങ്ങള്‍ നോക്കിയയില്‍ നിന്ന് പുറത്തിറക്കുമെന്നും എച്ച്എംഡി ഗ്ലോബല്‍ സിഎംഒ പെക്ക രന്താല പറഞ്ഞിരുന്നു. ഗ്ലോബല്‍ എജന്‍സിയായ മദര്‍ 2017 ആരംഭത്തില്‍ തന്നെ നോക്കിയയുടെ ലോഞ്ചിം ക്യാമ്പയിനുകള്‍ക്ക് തുടക്കമിടുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യന്തര തലത്തില്‍ നോക്കിയെ ഉപഭോക്താക്കള്‍ വിശ്വസിക്കുന്നുവെന്നും സ്‌നേഹിക്കുവെന്നും പറഞ്ഞ മദര്‍ എജന്‍സിയുടെ സ്ഥാപകന്‍ റോബര്‍ട്ട് സാവിലെ, നോക്കിയയുടെ പുത്തന്‍ അധ്യായത്തില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു.

DONT MISS
Top