ഹോളിവുഡിനെ വിസ്മയിപ്പിച്ച ഓംപുരിയുടെ 10 സിനിമകള്‍

ഓംപുരി

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഇന്ത്യയുടെ മഹാനടന്‍ ഓംപുരിയെ ലോക സിനിമയ്ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ത്യന്‍, പാകിസ്താനി ചിത്രങ്ങള്‍ക്ക് പുറമെ ബ്രിട്ടീഷ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും ഓംപുരി സാന്നിധ്യമറിയിച്ചു. അന്താരാഷ്ട്ര ചലചിത്രങ്ങളിലെ അഭിനയത്തിന് ‘ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എമ്പയര്‍’ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

ഓംപുരിയെ ഹോളിവുഡില്‍ അടയാളപ്പെടുത്തിയ 10 സിനിമകള്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണിവിടെ.

ദി ഹണ്ട്രഡ് ഫൂട്ട് ജേര്‍ണി (2014)

അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് റെസ്റ്റോറന്റുകളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ഓംപുരി കൈകാര്യം ചെയ്ത അച്ഛന്‍ വേഷം ഏവരേയും അതിശയിപ്പിച്ചു. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ പിന്നണിയില്‍ സഹ നിര്‍മാതാവിന്റെ സ്ഥാനത്ത് സാക്ഷാല്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗും ഉണ്ടായിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു.

ചാര്‍ളി വില്‍സണ്‍സ് വാര്‍ (2007)

ടോം ഹാങ്ക്‌സിനും ജൂലിയ റോബര്‍ട്ട്‌സിനുമൊപ്പം അഭിനയിച്ച ചിത്രം ഏറെ ശ്രദ്ധ നേടി. പാകിസ്താന്റെ ആറാമത്തെ രാഷ്ട്രപതിയായ സിയ ഉള്‍ ഹഖ് ആയിട്ടാണ് ഓംപുരി അഭിനയിച്ചത്. നിരവധി ഒസ്‌കാര്‍ നോമിനേഷനുകള്‍ ചിത്രത്തിന് ലഭിച്ചു.

ഈസ്റ്റ് ഈസ് ഈസ്റ്റ് (1999)

പാകിസ്ഥാന്‍കാരന്‍ അച്ഛന്റേയും ഇംഗ്ലീഷുകാരിയായ അമ്മയുടേയും കഥ പറഞ്ഞ ഒന്നാന്തരം തമാശച്ചിത്രമായിരുന്നു ഈസ്റ്റ് ഈസ് ഈസ്റ്റ്. നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചു. ബോക്‌സോഫീസ് വിജയത്തിനുശേഷം വെസ്റ്റ് ഈസ് വെസ്റ്റ് എന്നൊരു രണ്ടാം ഭാഗവും ചിത്രത്തിനുണ്ടായി.

മൈ സണ്‍ ദി ഫനാറ്റിക്ക് (1997)

പര്‍വേസ് എന്ന ടാക്‌സി ഡ്രൈവറായി ചിത്രത്തിലെ നായക വേഷം ഓംപുരി അനശ്വരമാക്കി. ബ്രസല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനുള്ള പുരസ്‌കാരം ഈ ചിത്രത്തിലെ അനിതരസാധാരണമായ അഭിനയത്തിലൂടെ ഓംപുരി തന്റെ കയ്യിലൊതുക്കുകയും ചെയ്തു. നിരൂപക പ്രശംസക്കൊപ്പം ഓംപുരി അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധേയനായി.

സച്ച് എ ലോങ്ങ് ജേര്‍ണി (1998)

റോയിന്റണ്‍ മിസ്രിയുടെ ഇതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെയധികരിച്ചിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധ നേടി. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശനത്തിലൂടെ കനേഡിയന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയുടെ 12 അവാര്‍ഡ് നോമിനേഷനുകളാണ് ചിത്രം നേടിയത്. സച്ച് എ ലോങ്ങ് ജേര്‍ണിയില്‍ നസറുദ്ദീന്‍ ഷായും മികച്ച ഒരു വേഷം അവതരിപ്പിച്ചിരുന്നു.

സിറ്റി ഓഫ് ജോയ് (1992)

പാട്രിക് സ്വെയ്‌സിനോടും ശബാനാ ആസ്മിയോടുമൊപ്പം അഭിനയിച്ചു. സ്ലം ഡോഗ് മില്യണെയറിനും വളരെക്കാലം മുന്‍പ് ഇന്ത്യയിലെ തെരുവു ജീവിതങ്ങള്‍ തുറന്നുകാട്ടിയ ചിത്രം. ബോക്‌സോഫീസ് വിജയമായില്ല എങ്കില്‍പ്പോലും നിരൂപക പ്രശംസ നേടിയെടുക്കാന്‍ സിറ്റി ഓഫ് ജോയ്ക്ക് കഴിഞ്ഞു.

ദി ഗോസ്റ്റ് ആന്റ് ഡാര്‍ക്ക്‌നെസ് (1996)

വിസ്മയം എന്നുമാത്രം ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാവുന്ന ചിത്രം. സിംഹങ്ങളുടെ ആക്രമണം കൊണ്ട് റെയില്‍പാലം പണി പൂര്‍ത്തിയാക്കാനാവാതെ നട്ടം തിരിയുന്ന യുവ എഞ്ചിനീയറെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്ന തൊഴിലാളി നേതാവായി അഭിനയിച്ച ഓംപുരി ഞെട്ടിച്ചത് ഹോളിവുഡ്ഡിനെത്തന്നെയാണ്. ലെഫ്റ്റ്ന്റ് കേണല്‍ ജോണ്‍ ഹെന്റി പാറ്റേഴ്‌സണ്‍ എന്ന സാഹസികന്റെ ജീവിത കഥയെ ആധാരമാക്കി നിര്‍മിച്ച ഈ സിനിമ നിരൂപകര്‍ക്കും ബോക്‌സോഫീസിനും ഒരുപോലെ പ്രിയങ്കരമായി. ശബ്ദ സംയോജനത്തിനുള്ള അക്കാദമി അവാര്‍ഡും ചിത്രം നേടി.

കോഡ് 46 (2003)

മൈക്കല്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ബിബിസിയാണ്. ടിം റോബിന്‍സിനും സാമന്ത മോര്‍ട്ടനും ഒപ്പം ഓംപുരിയും അണിനിരന്ന ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം ഇക്കാലത്തെ ബയോടെക്‌നോളജി സാധ്യതകള്‍ തുറന്നുകാട്ടി. മികച്ച നിരൂപക പ്രശംസയാണ് സിനിമ നേടിയെടുത്തത്.

ദി പരോള്‍ ഓഫീസര്‍ (2001)

ഈ തമാശച്ചിത്രത്തില്‍ സ്റ്റീവ് കോഗനൊപ്പമാണ് ഓംപുരി അഭിനയിച്ചത്. ജോര്‍ജ് എന്ന കഥാപാത്രമായി അദ്ദേഹം ഹോളിവുഡിനെ ചിരിപ്പിച്ചു. സിനിമ ശരാശരി നിലവാരമാണ് പുലര്‍ത്തിയത്.

വോള്‍ഫ് (1994)

ഓംപുരി അഭിനയിച്ച ഹോളിവുഡ് ഹൊറര്‍ ചിത്രം. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. വിജാവ് അലെസൈസ് എന്ന ഡോക്ടറുടെ വേഷം ഓംപുരിയുടെ കയ്യില്‍ ഭദ്രമായി. സിനിമ സാമ്പത്തികമായി വിജയമായി.

DONT MISS
Top