സംസ്ഥാനത്തെ തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷ്യം താനെന്ന് ലിബര്‍ട്ടി ബഷീര്‍

ഫയല്‍ ചിത്രം

സംസ്ഥാനത്തെ തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. തിയേറ്ററുകള്‍ വിനോദ നികുതിയും സെസും അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. അതേസമയം സിനിമാ സമരം നിലനില്‍ക്കുന്നതിനിടെ നടക്കുന്ന റെയ്ഡ് തിയേറ്റര്‍ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന വിമര്‍ശനവും ഉണ്ട്.

രാവിലെ പത്തുമണിക്കാണ് റെയ്ഡ് ആരംഭിച്ചത്. തിയേറ്റര്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തിയേറ്റര്‍ കോംപ്ലക്‌സില്‍ ഉള്‍പ്പെടെയാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത തിയേറ്ററുകളിലാണ് റെയ്ഡ്.

തിയേറ്റര്‍ ഉടമകള്‍ കൃത്യമായി വിനോദ നികുതിയും സെസും അടയ്ക്കുന്നില്ലെന്ന് സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീകുമാര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മറ്റ് പരാതികളും വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്.

തിയേറ്ററുകളിലെ റെയ്ഡ് തന്നെ ലക്ഷ്യംവെച്ചാണെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ഏന്തെങ്കിലും തരത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തിയേറ്റര്‍ വിഹിതം പങ്കിടുന്നത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് മലയാള സിനിമയെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. നിലവിലെ 60-40 എന്ന വീതംവെപ്പ് 50-50 ആക്കണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടില്ല. ഇതോടെ പുതിയ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. കൂടാതെ പ്രദര്‍ശനം തുടര്‍ന്നിരുന്ന ചിത്രങ്ങളും തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്. അതേസമയം, അന്യഭാഷാ ചിത്രങ്ങളുടെ റിലീസുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് തിയേറ്റര്‍ ഉടമകള്‍.

DONT MISS
Top