ആ താരസംഗമം യാഥാര്‍ത്ഥ്യമാകുന്നു; മോഹന്‍ലാലിനേയും ജാക്കിച്ചാനേയും ഒന്നിപ്പിക്കാന്‍ നായര്‍ സാന്‍ വരുന്നു

ഫയല്‍ ചിത്രം

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ലോക സിനിമയിലെ തന്നെ സൂപ്പര്‍ താരം ജാക്കിച്ചാനും ഒന്നിക്കുന്നു എന്ന വാര്‍ത്തയ്ക്ക് ചെറുതല്ലാത്ത പഴക്കമുണ്ട്. എന്നോ കേട്ട് ആവേശം കൊണ്ട വാര്‍ത്ത യാഥാര്‍ത്ഥ്യമാകാതെ പിന്നീട് ഓര്‍മകളിലേക്ക് മറഞ്ഞു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വാര്‍ത്തയ്ക്ക് വീണ്ടും ജീവന്‍ വെക്കുകയാണ്. ലാലിനേയും ജാക്കിച്ചാനേയും ചേര്‍ത്ത് ആല്‍ബര്‍ട്ട് ആന്റണി പദ്ധതിയിട്ട നായര്‍ സാന്‍ എന്ന ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നാണ് ഒടുവില്‍ വരുന്ന വിവരം.

സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന് വ്യക്തമായിട്ടില്ല. കണ്ണേ മടങ്ങുക എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ആല്‍ബര്‍ട്ട് ആന്റണി. 2008 ലായിരുന്നു നായര്‍ സാന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്. എന്നാല്‍ പിന്നീട് വിവിധ കാരണങ്ങളാല്‍ പദ്ധതി മുടങ്ങുകയായിരുന്നു.

ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെ പടപൊരുതിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ജപ്പാനില്‍ താവളമടിച്ച് ഊര്‍ജ്ജം പകര്‍ന്ന പോരാളിയുടെ വേഷത്തിലാവും ലാല്‍ ചിത്രത്തിലെത്തുക. ജപ്പാന്‍ ആയോധന കലയുടെ ആചാര്യനായി ആക്ഷന്‍ ഹീറോ ജാക്കിച്ചാനും എത്തും.

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വിദേശ മാര്‍ക്കറ്റുകളില്‍ സ്ഥാനമില്ലാതിരുന്നതാണ് പദ്ധതി ഉപേക്ഷിക്കുന്നതിന് മുഖ്യകാരണമായത്. എന്നാല്‍ അടുത്തിടെ പുലിമുരുകന്‍, ജനതാ ഗ്യാരേജ് എന്നീ ചിത്രങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ വന്‍ ഹിറ്റായതാണ് വീണ്ടും പദ്ധതിയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരണ നല്‍കിയത് എന്നാണ് വിവരം.

DONT MISS
Top