കിങ്ങ്സ്റ്റണ്‍ ഞെട്ടിച്ചു; കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ച പെന്‍ഡ്രൈവിന്റെ ശേഷി 2000 ജിബി!

കിങ്ങ്സ്റ്റണ്‍ ഡേറ്റ ട്രാവലര്‍ അള്‍ട്ടിമേറ്റ് ജിറ്റി

ലാസ് വേഗാസ്: കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ കിങ്ങ്സ്റ്റണ്‍ തങ്ങളുടെ ഏറ്റവും പുതിയ രണ്ട് യുഎസ്ബി ഫ്‌ളാഷ് ഡ്രൈവുകള്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തെ ഏറ്റവും സംഭരണ ശേഷിയുള്ള ഫ്‌ളാഷ് ഡ്രൈവുകളാണിവ. ആയിരം ജിബിയും രണ്ടായിരം ജിബിയുമാണ് ഇവയുടെ സംഭരണ ശേഷി.

ഡേറ്റ ട്രാവലര്‍ അള്‍ട്ടിമേറ്റ് ജിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പെന്‍ഡ്രൈവില്‍നിന്നോ പെന്‍ഡ്രൈവിലേക്കോ വിവരങ്ങള്‍ കോപ്പി/പേസ്റ്റ് ചെയ്യുന്നതിന് ഉയര്‍ന്ന വേഗതയായിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. സിങ്കും അലോയിയും ചേര്‍ന്ന ലോഹം കൊണ്ടാണ് ഡ്രൈവിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ‘വിവരങ്ങള്‍ കൊണ്ടുനടക്കാനുള്ള ആളുകളുടെ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. 2013ല്‍ 1000 ജിബി ശേഷിയുള്ള പെന്‍ഡ്രൈവുകള്‍ ഞങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണിത്.’ കമ്പനിയുടെ ബിസിനസ് മാനേജര്‍ ജീന്‍ വോങ്ങ് പറഞ്ഞു.

ഡേറ്റ ട്രാവലര്‍ അള്‍ട്ടിമേറ്റ് ജിറ്റി എന്ന പേരില്‍ അടങ്ങിയ ജിറ്റി എന്ന ഭാഗം പ്രതിനിധീകരിക്കുന്നത് ജനറേഷന്‍ ടെറാബൈറ്റ് എന്നാണ്. ഉയര്‍ന്ന സംഭരണ ശേഷിയുള്ള പെന്‍ ഡ്രൈവുകളാണ് ഈ പരമ്പരയില്‍ ഉണ്ടാവുക. വില പ്രഖ്യാപിച്ചിട്ടില്ല.

DONT MISS
Top