സാന്ദ്ര തോമസിന് മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ മൊഴി; വിജയ് ബാബു ഒളിവില്‍?

ഫയല്‍ ചിത്രം

കൊച്ചി: നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. തന്നെ മര്‍ദ്ദിച്ചുവെന്ന സാന്ദ്രയുടെ പരാതി ശരിവെക്കുന്ന തരത്തിലാണ് സാന്ദ്രയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരിക്കുന്നത്. സാന്ദ്രയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം വിജയ് ബാബു ഒളിവില്‍ പോയിരിക്കുകയാണെന്നാണ് വിവരം.

വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും ഉടമസ്ഥതയില്‍ ഉള്ള ഫ്രൈഡേ ഫിലിംസ് എന്ന സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ഓഫീസില്‍ നിന്ന് ബഹളം കേട്ടെന്നും വാതില്‍ പൂട്ടിയിരുന്നതിനാല്‍ മര്‍ദ്ദിച്ചോ എന്നത് കണ്ടില്ലെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി.

മൊഴിയുടെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. പനമ്പള്ളി നഗറിലെ വീട്ടില്‍ ചെന്നെങ്കിലും വിജയ് അവിടെ ഇല്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിജയ് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.

ഈ മാസം മൂന്നിനാണ് വിജയ് ബാബു തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി സാന്ദ്ര തോമസ് എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മാനഹാനി വരുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ സാന്ദ്ര തോമസിന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് വിജയ് പ്രതികരിച്ചിരുന്നു. തര്‍ക്കത്തിലുള്ള ബിസിനസ് പ്രോപ്പര്‍ട്ടി തട്ടിയെടുക്കാന്‍ സാന്ദ്രയും ഭര്‍ത്താവും ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമാണ് കേസെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിജയ് അഭിപ്രായപ്പെട്ടിരുന്നു.

DONT MISS
Top