പതിനാറാം നൂറ്റാണ്ടിലെ പ്രതിമയുടെ ചിത്രം അശ്ലീലമല്ലെന്ന് ഓണ്‍ലൈന്‍ ലോകം; ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്ത ചിത്രം തിരികെയെത്തി.

വിവാദമായ ചിത്രം

ലണ്ടന്‍: ഫെയ്സ്ബുക്കിന് ഇത്തരത്തില്‍ അബദ്ധം പറ്റുന്നത് ആദ്യമായിട്ടല്ല. അശ്ലീലമാണെന്ന് പറഞ്ഞ് നീക്കം ചെയ്യുന്ന ചിത്രങ്ങള്‍ മാപ്പുപറഞ്ഞ് തിരികെ കൊണ്ടുവരേണ്ടി വരുന്നത് ഇതെത്രാമത്തെ തവണയാണെന്ന് ഫെയ്സ്ബുക്കിനുതന്നെ ഒരു കണക്കുമില്ല. ഒരു പ്രതിമയുടെ ചിത്രമാണ് ഇത്തവണ പണിപറ്റിച്ചത്.

എലീസ ബാര്‍ബറി എന്ന സ്ത്രീയാണ് തന്റെ ‘സ്റ്റോറീസ്, ക്യൂരിയോസിറ്റീസ് ആന്റ് വ്യൂസ് ഓഫ് ബൊളോഗ്ന’ എന്ന ഫെയ്സ്ബുക്ക് പേജില്‍ ഗ്രീക്ക് മിത്തോളജിയിലെ സമുദ്രദേവനായ നെപ്ട്യൂണിന്റെ നഗ്ന പ്രതിമയുടെ ചിത്രമിട്ടത്. ‘ ഫെയ്സ്ബുക്കിന്റെ നിയമാവലിയനുസരിച്ച് ഈ ചിത്രം നിലനിര്‍ത്താന്‍ സാധിക്കില്ല. ചിത്രത്തില്‍ അമിത നഗ്നതയും ശരീര ഭാഗങ്ങളുടെ അമിത പ്രദര്‍ശനവുമുണ്ട്.’ എന്ന ഒരു പ്രസ്താവനയോടൊപ്പം ചിത്രം ഫെയ്സ്ബുക്ക് നീക്കം ചെയ്തു.

‘എനിക്കെന്റെ പേജ് പ്രചരിപ്പിച്ചേ മതിയാവൂ’ എന്ന് എലീസ പറഞ്ഞു. ‘ഈ കലാരൂപത്തില്‍ അമിത നഗ്നതയുണ്ടെന്ന് ഫെയ്സ്ബുക്ക് പറയുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല. നെപ്ട്യൂണിന്റെ പ്രതിമയില്‍ ശരീരഭാഗങ്ങളുടെ അമിത പ്രദര്‍ശനമുണ്ടെന്നുപറഞ്ഞ് എങ്ങനെ അതിനെ സെന്‍സര്‍ ചെയ്യാനാവും? 1950കളിലെ ബിരുദദാന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പ്രതിമയെ വസ്ത്രം ധരിപ്പിക്കുമായിരുന്നു. വീണ്ടും അതിനെ തുണിയുടുപ്പിക്കണമെന്നാണോ ഫെയ്സ്ബുക്ക് പറയുന്നത് ?’ രോഷാകുലയായ എലീസ ചോദിച്ചു.

എന്തായാലും എലീസയുടേയുംമറ്റും പ്രതിഷേധം ഫലം കണ്ടു. ചെയ്തത് തെറ്റായിപ്പോയെന്ന് ഏറ്റുപറഞ്ഞ് മാപ്പും പറഞ്ഞാണ് ചിത്രം ഫെയ്സ്ബുക്ക് തിരികെയിട്ടത്. ലക്ഷക്കണക്കിന് ചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫെയ്സ്ബുക്കിന്റെ സെന്‍സറിംഗ് സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്നത് പതിവായിരിക്കുകയാണ്.

DONT MISS
Top