സിനിമ പ്രതിസന്ധി : തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍

കൊച്ചി: തിയ്യറ്റര്‍ വിഹിതത്തെ ചൊല്ലി സിനിമ നിര്‍മ്മാതാക്കളും തിയ്യറ്ററുടമകളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തര്‍ക്കത്തെ തുടര്‍ന്ന് ആഴ്ച്ചകളായി മലയാള സിനിമകളുടെ റിലീസ് പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം. എ ക്ലാസ് തിയ്യറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട് എന്നും സിനിമ മേഖലെയെ തുലച്ചിട്ടേയുള്ളു എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

സിനിമകളുടെ തിയ്യറ്റര്‍ വിഹിതത്തില്‍ അമ്പത് ശതമാനം ഉടമയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തിയ്യറ്റര്‍ ഉടമകള്‍ റിലീസ് തടഞ്ഞ് വച്ചിരിക്കുന്നത്. നിലവില്‍ നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനവും തിയ്യറ്ററുകള്‍ക്ക് 40 ശതമാനവുമാണ് വിഹിതം. തിയ്യറ്ററുകളില്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ എടുക്കാത്തവരാണ് വിഹിതം കൂട്ടി ചോദിക്കുന്നത് എന്നും അതിനാല്‍ തിയ്യറ്ററുടമകള്‍ക്കുള്ള വിഹിതം 30 ശതമാനമായി വെട്ടിക്കുറയ്ക്കുകയാണ് വേണ്ടതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

നാളുകളായ തുടരുന്ന സമരം സമവായത്തിലെത്തിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സിനിമ മന്ത്രി എകെ ബാലനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളും തിയ്യറ്ററുടമകളുമായി എന്ന് ചര്‍ച്ച നടത്താം എന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല. അതേസമയം ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയെ കാണുകയും തങ്ങളുടെ ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

DONT MISS
Top