കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് 1000 കോടിയുടെ നഷ്ടം. നോട്ട് പ്രതിസന്ധിയാണ് നഷ്ടത്തിനു കാരണെമെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ ഏകദേശം ആയിരംകോടി രൂപയുടെ നഷ്ടമാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തതെന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനുശേഷം രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികളുടെ വരവിലുണ്ടായ ഇടിവാണ് ഇതിനു കാരണം.

നവംബര്‍ എട്ടിനു 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ നോട്ടുക്ഷാമമാണ് മേഖലയില്‍ 1000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാവാന്‍ കാരണമെന്നും സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദേശികളായ സഞ്ചാരികളുടെ വരവില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെയും ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെയും കുറവാണ് സംഭവിച്ചത്.

25,000 കോടിയോളം രൂപയുടെ വരുമാനമാണ് വര്‍ഷം തോറും ടൂറിസം മേഖലയില്‍ നിന്ന് സര്‍ക്കാരിനു ലഭിച്ചിരുന്നത്. ടൂറിസം സീസണില്‍ തന്നെ നോട്ടു ക്ഷാമം നേരിട്ടതാണ് ഇത്രയധികം നഷ്ടത്തിനു കാരണം. സഞ്ചാരികള്‍ എത്തിയയുടന്‍ അവര്‍ക്കാവശ്യമായ പണം എയര്‍പോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്നില്ലെന്നു കാട്ടി നിരവധി പരാതികളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതില്‍ സംസ്ഥാനസര്‍ക്കാര്‍ നിസ്സഹായരാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശീയ വ്യവസായികളെയും സ്ഥിതി പ്രതികൂലമായി ബാധച്ചിട്ടുണ്ട്.
കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ പ്രധാന ആകര്‍ഷണമായ ഹൗസ്‌ബോട്ട് വ്യവസായവും തകര്‍ച്ചയുടെ വക്കിലാണെന്നും ടൂറിസം മേഖലയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

DONT MISS
Top