ലോധ സമിതി മാനദണ്ഡം : ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയിലും മാറ്റങ്ങള്‍ക്ക് സാധ്യത

ശരണ്‍ദീപ് സിംഗ്, എംഎസ്കെ പ്രസാദ്, ദേവാങ് ഗാന്ധി എന്നിവര്‍

മുംബൈ : ലോധ സമിതി നിര്‍ദേശം നടപ്പാക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്ന സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലും അഴിച്ചുപണിയ്ക്ക് സാധ്യത. മുന്‍ ഇന്ത്യന്‍ താരം എംഎസ്‌കെ പ്രസാദിന്റെ അധ്യക്ഷതയില്‍ അഞ്ചംഗ സമിതിയാണ് ഇപ്പോഴുള്ളത്. ലോധ സമിതി  മാനദണ്ഡം കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിയില്‍ മാറ്റം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ എംഎസ്‌കെ പ്രസാദിന് പുറമെ, ദേവാങ് ഗാന്ധി, ശരണ്‍ദീപ് സിംഗ്, ഗഗന്‍ ഘോഡ, ജതിന്‍ പരഞ്ജ്‌പെ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. എന്നാല്‍ ലോധ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മാനദണ്ഡപ്രകാരം രാജ്യത്തിന് വേണ്ടി ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളവരായിരിക്കണം സെലക്ഷന്‍ പാനലിലുണ്ടാകേണ്ടത്.

എന്നാല്‍ എംഎസ്‌കെ പ്രസാദ്, ദേവാങ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവര്‍ മാത്രമേ ഇന്ത്യയ്ക്കായി ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളൂ. അതിനാല്‍ ലോധ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇവര്‍ക്കുമാത്രമേ സെലക്ടര്‍മാരായി തുടരാന്‍ അര്‍ഹതയുള്ളൂ. മറ്റ് സെലക്ടര്‍മാരായ ഗഗന്‍ ഘോഡ, ജതിന്‍ പരഞ്ജ്‌പെ എന്നിവര്‍ രാജ്യത്തിനായി ഏകദിന മല്‍രങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് മല്‍സരങ്ങളില്‍ പാഡണിഞ്ഞിട്ടില്ല. അതിനാല്‍ ഇവരെ സെലക്ഷന്‍ പാനലില്‍ നിന്നും ഒഴിവാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഗഗന്‍ ഘോഡ, ജതിന്‍ പരഞ്ജ്‌പെ ന്നെിവര്‍ കഴിവ് തെളിയിച്ച ക്രിക്കറ്റര്‍മാരാണെന്നും, രഞ്ജിട്രോഫി മല്‍സരങ്ങളില്‍ നിരവധി റണ്ണുകള്‍ വാരിക്കൂട്ടിയ ബാറ്റ്‌സ്മാന്‍മാരാണെന്നും ഇവരെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ജനുവരി അഞ്ചിന് ബിസിസിഐ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അമിതാഭ് ചൗധരി വിളിച്ചിട്ടുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്നും ഇരുവരും വിട്ടുനിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

DONT MISS
Top