18 ദിവസം, ഏഴു രാജ്യങ്ങള്‍, 12,000 കിലോമീറ്റര്‍, ചരിത്രം കുറിച്ച് ചൈനയില്‍ നിന്നും ലണ്ടനിലേക്ക് ട്രെയിന്‍ സര്‍വീസ്

ബിജിങ് : 18 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര. ദൈര്‍ഘ്യം 12,000 കിലോമീറ്റര്‍. പിന്നിടുന്നത് ഏഴ് രാജ്യങ്ങള്‍. ചരിത്രം കുറിച്ച ട്രെയിന്‍ സര്‍വീസിന് ചൈനീസ് റെയില്‍വേ കോര്‍പ്പറേഷന്‍ തുടക്കമിട്ടു. ചൈനയില്‍ നിന്നും ലണ്ടനിലേക്കാണ് ചരിത്രം കുറിച്ച ചരക്കുതീവണ്ടി സര്‍വീസിന് തുടക്കമിട്ടത്. ലോകത്തെ ഏറ്റവും ദൈര്‍ഘമേറിയ ട്രെയിന്‍ സര്‍വീസാണിത്.


18 ദിവസം നീളുന്ന യാത്രയില്‍ കസാഖിസ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ട്രെയിന്‍ കടന്നുപോകുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് ഷി ജിംഗ്പിംഗ് തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യത്തേയ്ക്ക് ചരക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

ജനുവരി ഒന്നിനാണ് ആദ്യ ചരക്കുതീവണ്ടി പുറപ്പെട്ടത്. വീട്ടുപകരണങ്ങള്‍, തുണിത്തരങ്ങള്‍, ബാഗുകള്‍, സൂട്ട്‌കേസുകള്‍ മുതലായവയുമായാണ് ആദ്യ തീവണ്ടി പുറപ്പെട്ടത്. ചൈനയും യൂറോപ്പുമായി ചരക്ക് ട്രെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടുന്ന പതിനഞ്ചാമത്തെ നഗരമായിരിക്കുകയാണ് ലണ്ടന്‍.

സില്‍ക്ക് റൂട്ട് എന്ന് ചൈന വിശേഷിപ്പിക്കുന്ന ഈ റൂട്ടിലൂടെയുള്ള ചരക്കുനീക്കം വഴി, കപ്പല്‍, വ്യോമ മാര്‍ഗ്ഗം വഴിയുള്ള ചെലവിനേക്കാള്‍ പകുതി വരെ മാത്രമേ ആകുകയുള്ളൂവെന്ന് അധികൃതര്‍ സൂചിപ്പിച്ചു. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി പ്രകാരം 2013 ലാണ് ഈ അതിവേഗപ്പാത ഉദ്ഘാടനം ചെയ്തത്.

DONT MISS
Top