ഫെയ്‌സ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയാല്‍ ഇനി പിഴ 3.5 കോടി രൂപ; നടപടികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല

ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഫെയ്‌സ്ബുക്കില്‍ കള്ളക്കഥകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കു. അത്തരക്കാര്‍ക്ക് പൂട്ടിടാനായി ഇതാ പിഴശിക്ഷ തയ്യാറായിക്കഴിഞ്ഞു. പങ്കുവെയ്ക്കപ്പെടുന്ന ഓരോ വ്യാജ വാര്‍ത്തകള്‍ക്കും ഇനി മുതല്‍ ‘കോടികളായിരിക്കും’ വില.

ജര്‍മ്മനിയാണ് ഈ കടുത്ത നിലപാടുമായി രംഗത്ത് വന്നത്. ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും അതിനു ശേഷം അടിസ്ഥാനരഹിതമാണെന്നറിഞ്ഞിട്ടം നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഓരോ വ്യാജവാര്‍ത്തയ്ക്കും അഞ്ച് ലക്ഷം യൂറോയാണ് (ഏകദേശം 3.5 കോടി രൂപ) പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ചെയര്‍മാന്‍ തോമസ് ഓപ്പെര്‍മാനാണ് ഇക്കാര്യം അറിയിച്ചത്. നടപടികളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മന്‍ വാരികയായ ദേര്‍ സ്പീജലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് ഫെയ്‌സ്ബുക്കിനു നേര്‍ക്ക ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ വേണ്ട രീതിയില്‍ പരിഹരിക്കാന്‍ ഫെയ്‌സ്ബുക്കിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളുടെ സഹകരണത്തോടെ വ്യാജവാര്‍ത്തകള്‍ക്കും വിദ്വേഷജനകമായ പോസ്റ്റുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഫെയ്‌സ്ബുക്കിന് 500,000 യൂറോ പിഴ ചുമത്തും. വ്യാജവാര്‍ത്തയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി ഈ തുക നല്‍കും- തോമസ് പറഞ്ഞു. ക്രിസ്മസ് അവധിയ്ക്ക് ശേഷം നിയമ നിര്‍മ്മാണ സഭയുടെ കൂടി സഹകരണത്തോടെ ഈ കാര്യം കൂടുതലായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് ചെയ്യാവുന്നതിന് പരിധിയുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. ഇതോടെ വാഷിംഗ്ടണ്‍ പോസ്റ്റ്, പോളിഫാക്ട് തുടങ്ങിയ തുടങ്ങിയ തേഡ് പാര്‍ട്ടികളുടെ സഹായത്തോടെയായിരിക്കും വ്യാജ പോസ്റ്റുകളെ തിരിച്ചറിയുക.

ഉപഭോക്താക്കള്‍ക്ക് വ്യാജ പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് സത്യമാണോ എന്ന് ചോദിച്ചു കൊണ്ട് ഫെയ്‌സ്ബുക്കിന്റെ പോപ്പ് അപ്പ് പ്രത്യക്ഷപ്പെടും. ഇതൊക്കെയാണ് ഫെയ്‌സ്ബുക്ക് സ്വീകരിച്ച നടപടികള്‍. എന്നാല്‍ ഇവ അപര്യാപ്തമെന്ന് കണ്ടാണ് കടുത്ത നടപടികളെടുക്കാനുള്ള ജര്‍മ്മനിയുടെ നീക്കം.

DONT MISS
Top