വീട്ടില്‍ ശൗചാലയം ഇല്ല; രാജസ്ഥാനില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: വീട്ടില്‍ ശൗചാലയം ഇല്ല എന്ന കാരണത്താല്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വീട്ടിലെ ശൗചാലയത്തിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഇവര്‍.

രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലാണ് സംഭവം. കീതിയ പഞ്ചായത്തിലെ എല്‍ഡി ക്ലാര്‍ക്കായ ഹേംരാജ് സിംഗ്, ബിഷാനിയ ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപകനായ പ്രേംസിംഗ് എന്നിവരെയാണ് സര്‍വ്വീസില്‍ നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാനത്ത് ഈ കാരണം കൊണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന ആദ്യ സര്‍ക്കാറുദ്യോഗസ്ഥരാണ് ഇവര്‍.

ബോധവല്‍ക്കരണ പരിപാടികളെ വിലയിരുത്താനായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് അവിടെ ശൗചാലയമില്ല എന്ന് മനസിലായത്. തുറസായ സ്ഥലത്ത് വിസര്‍ജിക്കുന്ന ഇവര്‍ എങ്ങനെ അതിനെതിരെ ബോധവല്‍ക്കരണം നടത്തും എന്ന് ചോദിച്ചുകൊണ്ടാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലാ കളക്ടറുടെ അനുമതിയോടെ എസ്ഡിഎമ്മാണ് ഗ്രാമസേവകനായ എല്‍ഡി ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകനെ ജില്ല വിദ്യാഭ്യാസ ഓഫീസറാണ് സസ്‌പെന്‍ഡ് ചെയ്തത്.

DONT MISS
Top