സിപിഐഎമ്മിന്റെ കേന്ദ്ര നേതൃയോഗങ്ങൾ നാളെ ആരംഭിക്കും; വിഎസിന്റെ അച്ചടക്ക ലംഘനങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സാധ്യത

ഫയല്‍ ചിത്രം

തിരുവനന്തപുരം: സിപിഐഎമ്മിന്റെ കേന്ദ്ര നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. നാളെ പിബി യോഗവും, തുടർന്നുള്ള മൂന്ന് ദിവസം കേന്ദ്ര കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. വിഎസിന്റെ അച്ചടക്ക ലംഘനങ്ങൾ പരിശോധിക്കുന്ന പിബി കമ്മീഷൻ റിപ്പോർട്ട് യോഗങ്ങളുടെ പരിഗണനയ്ക്ക് വന്നേക്കും.

സിപിഐഎം നിലപാടിന് വിരുദ്ധമായി പൊലീസിന്റെ യുഎപിഎ ചുമത്തല്‍, അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്, എംഎം മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് നല്‍കിയ കത്ത്, ലാവ്‌ലിന്‍ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നൂ, ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് സിപി ഐഎമ്മിന്റെ കേന്ദ്ര നേതൃ യോഗങ്ങള്‍ തലസ്ഥാനത്ത് ചേരുന്നത്. നാല് ദിവസം നീണ്ട് നില്‍ക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വിഎസ് അച്യുതാനന്ദനും, പി കെ ശ്രീമതിക്കും, ഇ പി ജയരാജനും നിര്‍ണായകമാണ്.

വിഎസിന്റെ അച്ചടക്ക ലംഘനങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മീഷന്‍ റിപ്പോര്‍ട്ടും ഈ യോഗങ്ങളുടെ പരിഗണനയ്ക്ക് വരുമെന്നാണ് സൂചന. കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണനയ്ക്ക് വന്നാല്‍, നിലവില്‍ ഒരു ഘടകവുമില്ലാത്ത വിഎസിന്റെ പാര്‍ട്ടി ഘടകവും തീരുമാനിക്കപ്പെടും. സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിഎസിന്റെ ആവശ്യമെങ്കിലും സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. യോഗത്തിന്റെ അജണ്ട യോഗത്തില്‍ മാത്രമെ തീരുമാനിക്കുകയുള്ളൂവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എംഎം മണിക്കെതിരെ വിഎസ് നല്‍കിയ കത്തും, ബന്ധുനിയമന വിവാദത്തില്‍ സ്ഥാനം നഷ്ടപ്പെട്ട ഇ പി ജയരാജന്‍ പുതിയ മന്ത്രിയുടെ സത്യപ്രതജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും, പി കെ ശ്രീമതി സെക്രട്ടറി യോഗത്തില്‍ പൊട്ടിത്തെറിച്ചതും യോഗത്തിന്റെ പരിഗണനയ്ക്ക് വരുമെന്നാണ് അറിയുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും, നോട്ട് അസാധുവാക്കലിനെ കുറിച്ചുള്ള വിലയിരുത്തലും യോഗം ചര്‍ച്ച ചെയ്യും.

DONT MISS
Top