“ഒരു ദിവസം തിരശ്ശീല വീഴും, അതിന് മുന്നോടിയായി എനിക്ക് ചെയ്യാന്‍ ചിലതുണ്ട്” ; വിരമിക്കല്‍ വാര്‍ത്തകളോട് ലിയാണ്ടര്‍ പേസ് പ്രതികരിക്കുന്നു

ലിയാണ്ടര്‍ പേസ്

ചെന്നൈ: ടെന്നീസ് കോര്‍ട്ടിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ താരമാണ് ലിയാണ്ടര്‍ പേസ്. അദ്ദേഹത്തോളം നേട്ടങ്ങള്‍ കൊയ്ത മറ്റൊരു ടെന്നീസ് താരം ഇന്ത്യയില്‍ ഉണ്ടാകില്ല. ഏഴ് ഒളിമ്പിക്‌സില്‍ പങ്കെടുത്തതിന്റെ റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്. 18 ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുള്ള പേസ് ഇന്ത്യന്‍ യുവത്വത്തിന് ഒരു റോള്‍ മോഡലാണ്. 43 ആം വയസിലെത്തി നില്‍ക്കുന്ന പേസിന് തടസ്സങ്ങളുടേതായിരുന്നു 2016. പ്രതിസന്ധികളെയെല്ലാം മറികടന്ന താരം ചെന്നൈ ഓപ്പണിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി കൊണ്ടിരിക്കുകയാണ്.

സംഭവബഹുലമായ കരിയറിന് പേസ് വിരാമമിടുന്നു എന്നാണ് പുതിയ സൂചനകള്‍. ‘എനിക്കൊപ്പം കുറച്ചാളുകളുണ്ട്. എന്റെ കരിയറിന്റെ അവസാന നാളുകളിലും ശേഷവും അവരെനിക്ക് ഒപ്പം നില്‍ക്കും.’ പേസിന്റെ ഈ വാക്കുകളാണ് അദ്ദേഹത്തിന്റെ വിരമിക്കലിന് കളമൊരുങ്ങുകയാണെന്ന് സംശയിക്കാന്‍ കാരണം.

‘ ഞാനിന്ന് കളിക്കുന്നത് രസത്തിന് മാത്രമാണ്. കളിയോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് കളി തുടരുന്നത്. ഒരു ദിവസം തിരശ്ശീല വീഴും. അതിന് മുന്നോടിയായി എനിക്ക് നിങ്ങളോട് നന്ദി പറയണം. കഴിഞ്ഞ 20 വര്‍ഷം എനിക്കൊപ്പം നിന്നതിനും രസകരമായ ഈ യാത്രയുടെ ഭാഗമായതിനും. ‘ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പേസിന്റെ വാക്കുകളില്‍ വിരമിക്കലിന്റെ സൂചനയുണ്ടായിരുന്നു.

എന്നാല്‍ പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പേസ് പറഞ്ഞത് വിരമിക്കല്‍ വാര്‍ത്തകള്‍ ശരിയല്ലെന്നായിരുന്നു. തനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. അതേസമയം യുവതാരങ്ങളെ സഹായിക്കാനാണ് തന്റെ എട്ടാം ഒളിമ്പിക്‌സിനേക്കാള്‍ തനിക്ക് ഇഷ്ടമെന്നും പേസ് പറഞ്ഞു.

DONT MISS
Top