പെണ്‍കരുത്തില്‍ ഇന്ത്യ; സാഫ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

സിലിഗുരി: നേപ്പാളിനെ തകര്‍ത്ത് സാഫ് വനിതാ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ കടന്നു. കഞ്ചന്‍ജുംഗ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ നേപ്പാളിനെ കീഴടക്കി ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്.

ആക്രമണത്തിലൂന്നിയ നീക്കങ്ങള്‍ നടത്തിയ ഇന്ത്യ ആദ്യ പകുതിയില്‍ തന്നെ മത്സരം നേപ്പാളില്‍ നിന്നും പിടിച്ചെടുത്തു. 45 ആം മിനിറ്റില്‍ കമലാ ദേവിയിലൂടെയാണ് ഇന്ത്യ ഗോള്‍ വേട്ട് ആരംഭിച്ചത്. തുടര്‍ന്ന് 58 ആം മിനിറ്റില്‍ ഇന്ദുമതിയും 83 ആം മിനിറ്റില്‍ സസ്മിത മാലിക്കും നേപ്പാളിന്റെ ഗോള്‍ വല കുലുക്കി. നേപ്പാളിന് വേണ്ടി സബിത്ര ഭണ്ഡാരി 75 ആം മിനിറ്റില്‍ തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെയാണ് നേപ്പാള്‍ ഇന്ത്യന്‍ ഗോള വല ചലിപ്പിച്ചത്.

ബാലയില്‍ നിന്നും ലഭിച്ച ലോങ്ങ് ബോളിനെ കൃത്യതയോടെ ഇന്ദുമതി ഗോളിലേക്ക് തൊടുത്തത് മത്സരത്തിന്റെ സുന്ദര നിമിഷമായിരുന്നു. അതേസമയം, ഇന്ത്യന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച നേപ്പാള്‍ ഗോള്‍ക്കീപ്പര്‍ അജ്ഞില നേപ്പാള്‍ പ്രതിരോധത്തിന്റെ മാനം കാത്തു. എന്നാല്‍ 83 ആം മിനിറ്റില്‍ ലഭിച്ച കോര്‍ണറിനെ തടയാന്‍ നേപ്പാളിന്റെ പ്രതിരോധത്തിനോ, അജ്ഞിലയുടെ കൈകള്‍ക്കോ സാധിച്ചില്ല. ഇന്ത്യന്‍ വിജയത്തെ കൂട്ടായ്മയുടെ ഫലമെന്നാണ് ഇന്ത്യന്‍ കോച്ച് സാജിദ് ദര്‍ വിശേഷിപ്പിച്ചത്.

മത്സരത്തില്‍ ഒരോ കളിക്കാരിയെയും എടുത്ത് പറയാന്‍ സാധിക്കില്ല. ഗോള്‍ക്കീപ്പര്‍ മുതല്‍ മുന്നേറ്റ നിര വരെ മികവാര്‍ന്ന പ്രകടനമാണ് നടത്തിയത്. ഇത് കൂട്ടായ്മയുടെ വിജയമാണെന്ന് സാജിദ് ദര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

DONT MISS
Top