ബിസിസിഎെക്ക് പിന്നാലെ കെസിഎയിലും അഴിച്ചുപണി; ടിസി മാത്യു, അനന്തനാരായണന്‍ എന്നിവര്‍ സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: ബിസിസിഎെക്ക് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനിലും അഴിച്ചുപണി. ടിസി മാത്യു കെസിഎയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. അതോടൊപ്പം, അനന്തനാരായണനും കെസിഎയുടെ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ടിസി മാത്യുവിന് പകരമായി വിനോദ് കുമാര്‍ കെസിഎയുടെ പുതിയ പ്രസിഡന്റാകും. ഒപ്പം, കെസിഎയുടെ സെക്രട്ടറിയായി ജയേഷ് ജോര്‍ജ്ജ് സ്ഥാനമേല്‍ക്കും.

സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാനത്തിലാണ് പുതിയ മാറ്റം. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അഴിച്ച് പണി. പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെസിഎയുടെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു.

ഏറെനാള്‍ നീണ്ട ബിസിസിഐ-സുപ്രിം കോടതി തര്‍ക്കത്തിനൊടുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് ഇന്ന് തിരിച്ചടി നേരിട്ടത്. ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെയും, സെക്രട്ടറി സ്ഥാനത്തുനിന്ന് അജയ് ഷിര്‍ക്കയേയും സുപ്രിം കോടതി തത്സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഏറ്റവും മുതിര്‍ന്ന വൈസ് പ്രസിഡന്റിനോട് ബിസിസിഐ അധ്യക്ഷന്റെ താത്കാലിക ചുമതല ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ബിസിസിഐയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാന്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.

 ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന സുപ്രിം കോടതിയുടെ ജൂലൈ 18 ലെ ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കോടതി വിശദീകരിച്ചു. അനുരാഗ് ഠാക്കൂറിനെതിരെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചില്ലെന്ന് കോടതി ചോദിച്ചു. ഠാക്കൂറിനും ഷിര്‍ക്കെയ്ക്കും എതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.

ബിസിസിഐയുടെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുന്നതിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ബിസിസിഐ ഭാരവാഹികള്‍ പരാജയപ്പെട്ടെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 19 ന് കോടതി വീണ്ടും പരിഗണിക്കും.

DONT MISS
Top