“എംടി വിമര്‍ശനാതീതനല്ല, ഇനിയും വിമര്‍ശിക്കും”: ബിജെപി നേതാവ് വി മുരളീധരന്‍

ഫയല്‍ ചിത്രം

നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായര്‍ക്കെതിരെ വീണ്ടും ബിജെപി. എംടി വിമര്‍ശനാതീതനല്ലെന്നും ഇനിയും വിമര്‍ശിക്കുമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി മുരളീധരന്‍ പറഞ്ഞു. എംടിക്ക് അഭിപ്രായം പറയാമെങ്കില്‍ എതിരാളികള്‍ക്ക് വിമര്‍ശിക്കാനും അധികാരം ഉണ്ട്. എംടിയുടെ വാക്കും നിലപാടും എഴുത്തും വിമര്‍ശിക്കപ്പെടും. അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ല. മുരളീരന്‍ പറഞ്ഞു.

എംടിക്ക് പിന്തുണയുമായെത്തിയ സംവിധായകന്‍ കമലിനെതിരെയും മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു. ദേശീയഗാന വിവാദത്തിലുണ്ടായ പരുക്ക് മാറ്റാനാണ് കമലിന്റെ ശ്രമമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

നോട്ട് നിരോധനത്തിന്റെ പേരില്‍ മോദിയ വിമര്‍ശിച്ച എംടിക്കെതിരെ രൂക്ഷമായ ആക്രമണമാണ് ബിജെപി നടത്തുന്നത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് ആദ്യം എംടിക്കെതിരെ രംഗത്തെത്തിയത്. മോദിയെ വിമര്‍ശിക്കാന്‍ എംടിക്ക് എന്ത് അധികാരമെന്നായിരുന്നു ചോദിച്ച അദ്ദേഹം എംടി കാര്യങ്ങള്‍ അറിയാതെയാണ് പ്രതികരിക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനത്തെ അനൂലിച്ച മോഹന്‍ലാലിനെ വിമര്‍ശിക്കാമെങ്കില്‍ എംടിയേയും വിമര്‍ശിക്കാമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. എംടിയെ ബിജെപി അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എംടിക്ക് പിന്തുണയുമായി സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ കമലും ഉണ്ടായിരുന്നു. എംടിക്കെതിരായ സംഘവരിവാര്‍ ഭീഷണി കേരള സമൂഹത്തിന് ഭീഷണിയാണെന്ന് കമല്‍ അഭിപ്രായപ്പെട്ടു. പഴയ പക മനസില്‍ വെച്ചാണ് സംഘപരിവാര്‍ എംടിക്കെതിരെ കടന്നാക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധനമന്ത്രി തോമസ് ഐസക് എഴുതിയ കള്ളപ്പണവേട്ട സത്യവും മിഥ്യയും എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശനം ചെയ്യവെയാണ് എംടി നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. കറന്‍സി നിരോധിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിന് ഉദാഹരണമാണെന്നും എംടി അഭിപ്രായപ്പെട്ടു. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരത്തെ അനുസ്മരിച്ചും എംടി മോദിയെ വിമര്‍ശിച്ചു. ‘തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്ക് കൊണ്ട് മാത്രമായിരുന്നില്ല, തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല, റിസര്‍വ് ബാങ്കും നിലപാട് മാറ്റിപ്പറയുകയാണ്’. ഇങ്ങനെയായിരുന്നു എംടിയുടെ വാക്കുകള്‍.

DONT MISS
Top