ഇസ്താംബുള്‍ ഭീകരാക്രമണം: അക്രമിയുടെ ചിത്രം പുറത്ത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

പൊലീസ് പുറത്തുവിട്ട അക്രമിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം

അങ്കാറ : ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. ഇയാള്‍ സാന്തോക്ലോസിന്റെ വേഷം അണിയുന്നതിെന്റയും ആളുകളുടെ നേര്‍ക്ക് നിറയൊഴിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.

അഫ്ഗാനിസ്താനിലോ, ചെച്‌നിയയിലോ, പടിഞ്ഞാറന്‍ ചൈനയിലോ നിന്നാണ് ഇയാള്‍ വന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമി കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ മേഖലയിലെ ഐഎസ് അംഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയ്ക്കായി പൊലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്.

അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ ഏറ്റെടുത്തു. തങ്ങളുടെ ധീരനായ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


പുതുവല്‍സരാഘോഷത്തിനിടെ ഇസ്താംബുളിലെ നിശാക്ലബില്‍ നടത്തിയ വെടിവെയ്പില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ രണ്ട് ഇന്ത്യാക്കാരും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമി 180 തവണ വെടിയുതിര്‍ത്തതായാണ് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറോളം പേര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അക്രമി സാന്റാക്ലോസ് വേഷം ധരിച്ചല്ല എത്തിയതെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ഡിരിം പറഞ്ഞു.

DONT MISS
Top