എഐഎഡിഎംകെയില്‍ അധികാരവടംവലി; ശശികല മുഖ്യമന്ത്രിയാകണമെന്ന് തമ്പി ദുരെ

ശശികല നടരാജന്‍

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശശികല നടരാജന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പി ദുരെ ആവശ്യപ്പെട്ടു. മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ അധികാര വടംവലി തുടങ്ങിയിരിക്കുന്നു എന്നതാണ് പ്രസ്താവന വ്യക്തമാക്കുന്നത്.

പാര്‍ട്ടി ആസ്ഥാനത്ത് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് തമ്പി ദുരെ ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നേതൃത്വം രണ്ട് വ്യക്തികളില്‍ അധിഷ്ഠിതമായിരിക്കുന്ന അവസ്ഥ ഇന്ത്യന്‍ ജനത ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നതാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നതെന്നും തമ്പി ദുരെ അഭിപ്രായപ്പെട്ടു.

“അമ്മ പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിച്ച പദ്ധതികളും നയങ്ങളും പ്രാവര്‍ത്തതികമാക്കണമെങ്കില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിയന്ത്രണം ഒരാളുടെ കൈയ്യില്‍ കേന്ദ്രീകരിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ജയലളിത നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് പാര്‍ട്ടിക്ക് അനിവാര്യമാണ്”. പ്രസ്താവനയില്‍ പറയുന്നു.

“പാര്‍ട്ടി-തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 33 വര്‍ഷമായി ചിന്നമ്മയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ്. അതിനാല്‍ത്തന്നെ അവരുടെ മികവിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. മാത്രവുമല്ല അമ്മയുടെ ചിന്തകള്‍ക്കൊപ്പം നില്‍ക്കാന്‍ ചിന്നമ്മയ്ക്കാകും. ഏവര്‍ക്കും സ്വീകാര്യമാകുന്ന തീരുമാനങ്ങളെടുക്കാനും അവര്‍ക്ക് കഴിയും”. അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമായാണ് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രി മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പനീര്‍ശെല്‍വം മന്ത്രിസഭയിലെ ചില അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഡിസംബര്‍ 31 നാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി ശശികല നടരാജന്‍ ചുമതലയേറ്റത്.

DONT MISS
Top