എംടിയ്‌ക്കെതിരായ സംഘപരിവാര്‍ ഭീക്ഷണികള്‍ കേരള സമൂഹത്തിന് നാണക്കേട്, തനിക്കെതിരേയും സംഘപരിവാറിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് കമല്‍

കമല്‍

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍. എംടിയ്‌ക്കെതിരായ സംഘപരിവാര്‍ ഭീക്ഷണികള്‍ കേരള സമൂഹത്തിന് നാണക്കേടാണ് എന്നായിരുന്നു കമലിന്റെ പ്രതികരണം.

മോദിയ്‌ക്കെതിരെ സംസാരിച്ചു എന്നതാണ് എംടി ചെയ്ത കുറ്റമായി സംഘപരിവാര്‍ കാണുന്നതെന്നും കമല്‍ പറഞ്ഞു. അതേസമയം, തനിക്കെതിരേയും സംഘപരിവാറിന്റെ ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ ഭീഷണികളില്‍ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് കമല്‍ തുറന്നടിച്ചത്.

തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവത്ക്കരിക്കാന്‍ കഴിയാത്തതിലെ ദു:ഖമാണ് സംഘപരിവാറിന്റെ പ്രവൃത്തികള്‍ക്ക് പിന്നിലെന്നും നിര്‍മ്മാല്ല്യം സിനിമ നിര്‍മ്മിച്ചതിനുള്ള പകയുമാണ് എംടിയ്‌ക്കെതിരായ സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നും കമല്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയ്‌ക്കെതിരെ പ്രചരണം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നുവെന്നും രാജ്യദ്രോഹിയെന്ന് മുദ്രകുത്തി രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചുമെല്ലാം കമല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. താനൊരു മുസ്ലിമായതിനാലാണ് സംഘപരിവാര്‍ തന്നെ പിന്നാലെ നടന്ന് വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top