ഇത് ഞാനാണേ! ഉസൈന്‍ ബോള്‍ട്ടിനെ തിരിച്ചറിയാതെ അവതാരക; അമളി വെളിച്ചത്തായത് ബോള്‍ട്ടിന്റെ ട്വീറ്റിലൂടെ (വീഡിയോ)

ലണ്ടന്‍: ഉസൈന്‍ ബോള്‍ട്ട്, ആ പേരും പേരിനുടമയായ അസാമാന്യ പ്രതിഭയേയും അറിയാത്തവരായി ഇന്ന് ലോകത്ത് ആരും തന്നെയുണ്ടാകില്ല. ലോകത്ത് ഇത്രയും പ്രശസ്തനായ, ആരാധകരുള്ള ഒരു അത്‌ലറ്റ് വേറെയില്ലെന്ന് നിസംശയം പറയാം. എന്നാല്‍ ബോള്‍ട്ടിനെ അറിയാത്തവരുമുണ്ട്. അതെ സംഗതി സത്യമാണ്. ബോള്‍ട്ടിനെ തിരിച്ചറിയാന്‍ പറ്റാതെ പോയത് കായിക വാര്‍ത്ത പരിപാടിയുടെ അവതാരകയ്ക്കാണ് എന്നതാണ് രസം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടിവിയുടെ (മാന്‍യു ടിവി) അവതാരകയായ മാന്‍ഡി ഹെന്റിക്കിനാണ് ബോള്‍ട്ടിനെ മനസ്സിലാക്കാന്‍ സാധിക്കാതെ പോയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിഡില്‍സ് ബര്‍ഗിനെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തെക്കുറിച്ച് ചാനല്‍ പരിപാടിയില്‍ ചര്‍ച്ച നടത്തവെയാണ് അവതാരകയ്ക്ക് അബദ്ധം പിണഞ്ഞത്.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബോള്‍ട്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തന്റെ പ്രിയ ടീമിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കാന്‍ പരിപാടിയിലേക്ക ബോള്‍ട്ട് ഫോണ്‍ ചെയ്തു. പിന്നെയാണ് രസകരമായ സംഭവം അരങ്ങേറിയത്. അടുത്തതായി നമ്മളോടൊപ്പം ചേരുന്നത് ജമൈക്കയില്‍ നിന്നുമുള്ള ഉസൈനാണ് എന്നായിരുന്നു മാന്‍ഡി പറഞ്ഞത്.

തന്നെ മാന്‍ഡിയ്ക്ക് മനസ്സിലായില്ലെന്ന് വ്യക്തമായതോടെ ബോള്‍ട്ട് തന്നെ സ്വയം പരിചയപ്പെടുത്തി. താന്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടാണെന്ന് പുള്ളി തന്നെ പറഞ്ഞിട്ടും മാന്‍ഡിയ്ക്ക് മനസ്സിലായില്ല. പതിവുപോലെ ഏതോ ഒരു പ്രേക്ഷകന്‍ തമാശ പറയുകയാണെന്നായിരുന്നു മാന്‍ഡി കരുതിയത്. യുണൈറ്റഡിന്റെ വിജയത്തിലുള്ള തന്റെ സന്തോഷം ബോള്‍ട്ട് രേഖപ്പെടുത്തി. പിന്നാലെ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് മാന്‍ഡി ബോള്‍ട്ടിന്റെ കോള്‍ കട്ട് ചെയ്തു.

മാന്‍ഡിയ്ക്ക് പറ്റിയ ആനമണ്ടത്തരം ബോള്‍ട്ട് ഉടനെ തന്നെ തന്റെ ട്വീറ്റില്‍ കുറിച്ചു. പരിപാടിയില്‍ പങ്കെടുത്തത് താന്‍ തന്നെയായിരുന്നു എന്ന ബോള്‍ട്ടിന്റെ ട്വീറ്റ് വന്നതിന് ശേഷമാണ് മാന്‍ഡിയ്ക്ക് തനിക്ക് പറ്റിയ അമളി മനസ്സിലായത്. ഉടനെ തന്നെ ക്ഷമ ചോദിച്ചു കൊണ്ട് മാന്‍ഡി ബോള്‍ട്ടിന് മറുപടി നല്‍കി. പരിപാടിയില്‍ തുടര്‍ന്നും വിളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുടെ ചെയ്തു.

DONT MISS
Top