‘എന്താണ് ലൂസിഫറില്‍ തന്നെ ആകര്‍ഷിച്ചത്’; പൃഥ്വീ ചിത്രത്തെ കുറിച്ച് മനസ് തുറന്ന്‌ മോഹന്‍ലാല്‍

മോഹന്‍ ലാല്‍

മലയാള സിനിമാ പ്രേമികള്‍ ഇതിനോടകം ഏറെ ചര്‍ച്ച ചെയ്ത ചിത്രമാണ് ലൂസിഫര്‍. പൃഥ്വീരാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. അതുതന്നെയാണ് ഈ ചിത്രം പ്രാരംഭഘട്ടത്തില്‍ ആയിരുന്നിട്ട് കൂടി ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടത്. പുതുവര്‍ഷത്തില്‍ ഏവരും കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍.

ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ആശയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ലാല്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചത്.

ഇപ്പോള്‍ ചിത്രത്തിന്റെ പേര് മാത്രമേ നിശ്ചയിച്ചിട്ടുള്ളെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മുരളിയും പൃഥ്വിയും പറഞ്ഞ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊക്കെ അവര്‍ക്ക് സിനിമയോടുള്ള താത്പര്യവും മറ്റും എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇരുവരുടേയും അച്ഛന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഗോപിച്ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലും സുകുമാരന്‍ ചേട്ടന്‍ നിര്‍മിച്ച ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമൊപ്പം നിരവധി ചിത്രങ്ങളിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ലൂസിഫറിന്റെ ഓഫര്‍ വന്നപ്പോള്‍ അതിന്റെ ഭാഗമാകാന്‍ ഞാന്‍ തീരുമാനിച്ചു. പിന്നെ അവര്‍ രണ്ടുപേരും വളരെ സെന്‍സിബിളാണ്. ലാല്‍ പറയുന്നു.

ചിത്രത്തിന്റെ ആശയം അവര്‍ തിരക്കഥയായി വികസിപ്പിക്കണം. പിന്നീട് ഞങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തണം. കാരണം ഇതുപോലെ നിരവധി ആളുകള്‍ ഒത്തു ചേരുമ്പോള്‍ ഒരു സാധാരണ ചിത്രമാണ് ഉണ്ടാകുന്നതെങ്കില്‍ ആളുകള്‍ ചോദ്യം ചെയ്യും. അതിനാല്‍ ചിത്രത്തിന്റെ ഉള്ളടക്കം മികച്ചതാക്കേണ്ടതുണ്ട്. ഇപ്പോള്‍ ശ്രദ്ധ അതിലാണ്. അത് ശരിയായിക്കഴിഞ്ഞാല്‍ ഉടന്‍ അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

കരിയറിന്റെതുടക്കം മുതല്‍ തന്നെ സംവിധാനത്തില്‍ താത്പര്യമുള്ള വ്യക്തിയായിരുന്നു പൃഥ്വീരാജെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൃഥ്വി സിനിമകള്‍ കാണുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ലാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ താന്‍ ഉടന്‍ സംവിധാന രംഗത്തേക്ക് ഇല്ലെന്ന് ലാല്‍ വ്യക്തമാക്കുന്നു. സംവിധാനം എന്നത് വളരെ വ്യത്യസ്തമായ മേഖലയാണ്. എനിക്ക് വെറുതെ സംവിധാനം ചെയ്യാന്‍ കഴിയും. എന്നാല്‍ സിനിമയോട് നീതി പുലര്‍ത്താന്‍ സാധിച്ചെന്ന് വരില്ല. മിക്ക സിനിമകളിലും സംവിധായകരുടെ അഭാവത്തില്‍ പല സീനുകളും ഞാന്‍ ഡയറക്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി ഒരുസിനിമ സംവിധാനം ചെയ്യുക എന്നത് വളരെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ സംവിധാനത്തെ കുറിച്ച് തത്കാലം ആലോചിക്കുന്നില്ല. ലാല്‍ പറയുന്നു.

DONT MISS
Top