പലിശനിരക്കുകളില്‍ കുറവ് വരുത്തി ബാങ്കുകള്‍, എസ് ബി ഐ പലിശ 0.9 ശതമാനം കുറച്ചു

ഫയല്‍ ചിത്രം

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കില്‍ കുറവ് വരുത്തി. അടിസ്ഥാന പലിശ നിരക്ക് 0.9 ശതമാനമായാണ് എസ് ബി ഐ കുറച്ചത്. പുതിയ നിരക്കുകള്‍ ജനുവരി ഒന്നുമുതല്‍ നിലവില്‍ വന്നു. ഭവന, വാഹന വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

ഇതനുസരിച്ച് ഭവനവായ്പാ പലിശ 8.9 ശതമാനത്തില്‍നിന്നും എട്ട് ശതമാനമായി കുറഞ്ഞു. എസ്ബിഐയ്ക്ക് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, യൂണിയന്‍ ബാങ്ക്, ഐഡിബിഐ ബാങ്കുകളും പലിശനിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്.

യൂണിയന്‍ ബാങ്ക് അടിസ്ഥാന പലിശനിരക്കില്‍ 65 അടിസ്ഥാന പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതനുസരിച്ച് പലിശനിരക്കുകളില്‍ 0.65 ശതമാനത്തിന്റെ കുറവ് വരും. ഐഡിബിഐ ബാങ്ക് അടിസ്ഥാന പലിശനിരക്കില്‍ 0.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. മറ്റുബാങ്കുകളും പലിശനിരക്കുകളില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നോട്ട് അസാധുവാക്കിയശേഷം ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ച സാഹചര്യത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്ക് മേധാവികളുടെ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ പലിശനിരക്കുകളില്‍ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.

DONT MISS
Top