രതീഷ് വേഗയുടെ അച്ചായന്‍സിനു വേണ്ടി ഗായികയാവാനൊരുങ്ങി അമലാ പോള്‍

രതീഷ് വേഗയുടെ ചിത്രത്തിനു വേണ്ടി ഗായികയാവാനൊരുങ്ങി നടി അമലാ പോള്‍. അഭിനയം മാത്രമെന്ന ലൈനില്‍ നിന്നും വ്യത്യസ്തമായി സിനിമയ്ക്കു വേണ്ടി ആദ്യമായി പാടാനൊരുങ്ങുന്ന ത്രില്ലിലാണ് താരം. രതീഷ് വേഗ സംവിധാനം ചെയ്യുന്ന അച്ചായന്‍സിലാണ് ഗായികയായി അമല അരങ്ങേറ്റം കുറിക്കുന്നത് . അടുത്തയാഴ്ചയോടെ ചിത്രത്തിന്റെ റെക്കോര്‍ഡിംഗ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചലച്ചിത്രതാരങ്ങളെ കൊണ്ട് സംഗീതം നല്‍കി പരീക്ഷണം നടത്തുന്നതാണ് സംഗീതസംവിധായകന്‍  രതീഷ് വേഗയുടെ പതിവ്. അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ താരങ്ങളായ ജയറാം, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പാടിയിരുന്നു. താരത്തിനായി ഫാസ്റ്റ് സോംഗ് തയ്യാറാക്കുന്ന തിരക്കിലാണെന്നും, ഇത് പൂര്‍ത്തിയായാല്‍ അടുത്ത ആഴ്ച്ചയോടെ റിക്കോര്‍ഡിങ് നടത്തുമെന്നും സംവിധായകന്‍ രതീഷ് വേഗ വ്യക്തമാക്കി.

മലയാളചിത്രത്തില്‍ പാടുവാന്‍ പോകുന്നതിനെക്കുറിച്ച് ആകാംഷയോടെയാണ് താരം പ്രതികരിച്ചത്. ഇതിന് മുന്‍പ് തമിഴ് സംവിധായകന്‍ സുസി ഗണേശന്‍ ഒരു ചിത്രത്തില്‍ പാടണം എന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അത് നിരസിക്കുക ആയിരുന്നുവെന്നും എന്നാല്‍ ഇപ്പോഴിത് പുതിയ കാര്യങ്ങള്‍ പഠിക്കണം എന്ന നിലയില്‍ സ്വീകരിച്ചിരിക്കുന്നതായും അമല പറഞ്ഞു.

അമലയെക്കുടാതെ ചിത്രത്തില്‍ തമിഴ് താരം പ്രകാശ് രാജും തമിഴ് ശൈലിയില്‍ തയ്യാറാക്കുന്ന നാടോടി ഗാനം പാടുന്നുണ്ട്. രതീഷ് വേഗയുടെ ഈണം ഇഷ്ടപ്പട്ട അദ്ദേഹം അത് പാടാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വഹിക്കുന്ന അച്ചായന്‍സില്‍ ജയറാം, ഉണ്ണിമുകുന്ദന്‍, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.  രാഷ്ട്രീയ നേതാവായ പിസി ജോര്‍ജ്ജും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

DONT MISS
Top