മൂന്നാം വര്‍ഷവും ഷുമാക്കര്‍ മറവിയുടെ ട്രാക്കില്‍ തന്നെ; ചികിത്സക്കായി കുടുംബം ചെലവിട്ടത് 116 കോടി രൂപ

ജനീവ: അതിസുന്ദരമായ വേഗതയിലൂടെ ഒരുകാലത്ത് റേസിംഗ് ട്രാക്കുകളില്‍ മിന്നല്‍ പോലെ പാറിപ്പറന്നിരുന്ന താരമായിരുന്നു മൈക്കല്‍ ഷുമാക്കര്‍. ഇന്ന് മരണത്തിനും ജീവിതത്തിനും ഇടയിലൂടെ അത്ര സുന്ദരമല്ലാതെ വേഗഗതിയില്‍ ജീവിതം തള്ളിനീക്കുകയാണ് ആരാധകരുടെ പ്രിയങ്കരനായ ഷുമി. ജീവിതത്തിലെന്നും തന്നെ ത്രസിപ്പിച്ച വേഗത ഒടുവില്‍ വില്ലനായി മാറിയപ്പോള്‍ മറവിയുടെ ട്രാക്കിലേക്ക് തെന്നി വീണു താരം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കീയിംഗിനിടെ ഉണ്ടായ അപകടം ഇന്നും ഉണരാകാനാകാത്ത നിലയിലേക്ക് ഷുമാക്കറെ തള്ളിയിട്ടിരിക്കുകയാണ്. ഇതിനോടകം കോടികള്‍ ചികിത്സയ്ക്കായി ചെലവഴിച്ചിട്ടും മാറ്റമേതുമില്ലാതെ തുടരുകയാണ് ഷുമിയുടെ അവസ്ഥ.

സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി കോമയില്‍ കഴിയുന്ന ഷുമാക്കറുടെ ചികിത്സക്കായി ഇത് വരെ ചെലവഴിച്ചത് 116 കോടി രൂപ. ഷുമാക്കറുടെ ജനീവയിലെ വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയ മെഡിക്കല്‍ കേന്ദ്രത്തിലാണ് അദ്ദേഹത്തെ ഇപ്പോള്‍ ചികിത്സിക്കുന്നത്. പതിനഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. അപകടത്തിന് ശേഷം ഇതുവരെ ഷുമാക്കറുടെ ഓര്‍മ തിരിച്ചെടുക്കാനായിട്ടില്ല.

നിലവഴില്‍ ആഴ്ച്ചയില്‍ ഏകദേശം 96 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ചികിത്സക്കായി കുടുംബം ചിലവഴിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ രഹസ്യമായിട്ടാണ് ഷുമാക്കറുടെ ചികിത്സ നടത്തി വരുന്നത്. അദ്ദേഹത്തിന്റെ ചികിത്സ ഒരു പൊതു വിഷയമല്ലെന്നും അതിനാല്‍ ഇതില്‍ കൂടുതല്‍ അഭിപ്രായം പറയാനൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സബിന്‍ കേം വ്യക്തമാക്കി.

2013 ഡിസംബര്‍ 29 നാണ് അദ്ദേഹം അപകടത്തില്‍പ്പെടുന്നത്. ഫ്രഞ്ച് ആല്‍പ്‌സിലെ റിസോര്‍ട്ടില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഷുമാക്കറിന്റെ തലച്ചോറിന്റെ ഭൂരിഭാഗവും അപകടത്തിന്റെ ആഘാതത്തില്‍ ക്ഷയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഏഴുതവണ ലോകജേതാവായ ഷൂമാക്കര്‍ 2012 നവംബര്‍ 25ന് ബ്രസീലിയന്‍ ഗ്രാന്‍ഡ്പ്രീയോട്കൂടിയാണ് വിരമിച്ചത്.

DONT MISS
Top