2016 അരങ്ങൊഴിയുന്നു; പുതുവര്‍ഷമെത്താന്‍ നിമിഷങ്ങള്‍ മാത്രം; വായനക്കാര്‍ക്ക് റിപ്പോര്‍ട്ടര്‍ ലൈവിന്റെ പുതുവത്സരാശംസകള്‍

പ്രതീകാത്മക ചിത്രം

സംഭവബഹുലമായ 2016 അവസാനിക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. കേരളത്തിലെ അധികാരമാറ്റം, ബിജെപി അക്കൗണ്ട് തുറന്നത്, ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കിയത്, കലാഭവന്‍ മണിയടക്കമുള്ള പ്രമുഖരുടെ വിയോഗം തുടങ്ങി നിരവധി സംഭവങ്ങളാണ് കഴിഞ്ഞ 366 ദിവസങ്ങളിലായി നടന്നത്.

എന്നാല്‍ അതെല്ലാം മറക്കാനുള്ള സമയമാണ് ഇത്. ആഘോഷത്തിന്റെ രാവ്. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള രാവ്. ദുഖങ്ങള്‍ മറക്കാനും സന്തോഷത്തില്‍ മുങ്ങിക്കുളിക്കാനും നിര്‍ണായകമായ തീരുമാനങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാനുമുള്ള സമയം.

ലോകത്തിന്റെ അറ്റത്ത് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പുതുവര്‍ഷം കാല്‍വെയ്പ്പ് നടത്തിക്കഴിഞ്ഞു. ഇന്ത്യന്‍ സമയം 3:30-ന് പെസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബതി ദ്വീപുകളിലാണ് പ്രതീക്ഷകളുടെ ഭാരവുമായി 2017 ആദ്യമെത്തിയത്.

തുടര്‍ന്ന് ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡിലും ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഹൊബാര്‍ട്ടിലുമെല്ലാം പുതുവര്‍ഷം പിറന്നു. ഇനി നമ്മുടെ ഇന്ത്യയിലേക്ക് 2017 എത്താന്‍ നിമിഷങ്ങള്‍ മാത്രമേയുള്ളു. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഭീമന്‍ സാന്റാ ക്ലോസിനെ കത്തിച്ചു കൊണ്ടാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

21-ആം നൂറ്റാണ്ടിലെ 18-ആം വര്‍ഷമായ 2017-നെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതിനൊപ്പം എല്ലാ വായനക്കാര്‍ക്കും റിപ്പോര്‍ട്ടര്‍ ലൈവ് ടീമിന്റെ സ്‌നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍.

DONT MISS
Top