പെണ്‍കരുത്തില്‍ ഇന്ത്യ, കോപ്പയില്‍ മെസിയുടെ കണ്ണീരുപ്പ്: പോയ വര്‍ഷത്തെ കായിക വാര്‍ത്തകള്‍ ഇതാ


ചരിത്രത്താളുകളില്‍ ഒരു വര്‍ഷം കൂടി പിന്നിടുകയാണ്. ലോക കായിക ചരിത്രത്തില്‍ 2016 ന്റെ കണക്കെടുത്താല്‍ അത് അടയാളപ്പെടുത്തുക പെണ്‍കരുത്തിന്റേയും കളിക്കളത്തിലെ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദുമാരുടേയും പേരിലായിരിക്കും. ഇന്ത്യന്‍ കായിക ലോകത്തിന്റെ പേരും പ്രശസ്തിയും 2016 ല്‍ വാനോളം ഉയര്‍ത്തിയത് പെണ്‍പുലികളായിരുന്നു. പിവി സിന്ധുവും സാക്ഷി മാലിക്കും ദീപാ കര്‍മ്മാക്കറും. പുരുഷ പ്രതിഭകളെ പിന്നിലാക്കി പെണ്‍കരുത്ത് പല കായിക രംഗത്തും നാം കണ്ടു. ഫുട്‌ബോളില്‍ കറുത്ത കുതിരകളുടെ വര്‍ഷമായിരുന്നു പിന്നിട്ടത്. അപ്രതീക്ഷിതമായി ഇപിഎല്‍ കിരീടമുയര്‍ത്തിയ ലസ്റ്ററായിരുന്നു ആ തേരോട്ടത്തിന്റെ തുടക്കക്കാര്‍. പിന്നാലെയത് പലയിടത്തും ആവര്‍ത്തിച്ചു. ഹോക്കിയില്‍ ഇന്ത്യയുടെ തിരിച്ച് വരവ് കണ്ട വര്‍ഷത്തില്‍ കാല്‍പന്തില്‍ രാജ്യത്തിന്റെ പുത്തനുണര്‍വ് കണ്ടു. ഫുട്‌ബോള്‍ മൈതാനത്ത് മെസിയുടെ കണ്ണീരുപ്പ് പൊടിഞ്ഞു. സംഭവ ബഹുലമായ ഒരു വര്‍ഷത്തെ കായിക വാര്‍ത്തകള്‍ ഇവയായിരുന്നു.

ചരിത്രം കുറിച്ച് പ്രണവ് ധന്‍വാദെ

ക്രിക്കറ്റിന്റെ ചരത്രത്തില്‍ 1000 റണ്‍സെന്ന അപൂര്‍വ്വ റക്കോര്‍ഡ് മുംബൈ സ്വദേശിയായ പ്രണവ് ധന്‍വാദെയ്ക്ക് സ്വന്തം. ഭണ്ഡാരി ട്രോഫി അണ്ടര്‍-16 ഇന്റര്‍ സ്‌കൂള്‍ മത്സരത്തില്‍ കെസി ഗാന്ധി സ്‌കൂളിനായി കളത്തിലിറങ്ങിയ പ്രണവ് നേടിയത് പുറത്താകെ 1009 റണ്‍സാണ്. ഒപ്പണറായി ഇറങ്ങിയാണ് പ്രണവ് ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടുകാരനായ എഇജെ കോളിന്‍സിന്റെ 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പ്രണവ് പഴങ്കഥയാക്കിയത്.

അപൂര്‍വ്വം അപൂര്‍വ്വി

സ്വീഡിഷ് കപ്പ് ഗ്രാന്റ് പ്രീയില്‍ ലോക റെക്കോര്‍ഡോടെ ഇന്ത്യയുടെ ഷൂട്ടിംഗ് താരം അപൂര്‍വ്വി ചന്ദേല. രണ്ട് സ്വര്‍ണ്ണം നേടിയ അപൂര്‍വ്വി ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ 211.2 സ്‌കോര്‍ ചെയ്ത് ലോക റെക്കോര്‍ഡിട്ടാണ് അപൂര്‍വ്വി സ്വര്‍ണ്ണം നേടി. തൊട്ട് പിന്നാലെ 10 മീറ്റര്‍ ട്രൈ-സീരിസിലും അപൂര്‍വ്വി സ്വര്‍ണ്ണം നേടി.

ലോക ഫുട്‌ബോളിന്റെ നെറുകയില്‍ വീണ്ടും മെസി

ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ ബാലന്‍ദ്യോര്‍ പുരസ്‌കാരം അഞ്ചാം വട്ടവും അര്‍ജ്ജന്റീനയുടെ സൂപ്പര്‍ താരം മെസിയ്ക്ക്. പറങ്കിപ്പടയുടെ കപ്പിത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറേയും മറികടന്നായിരുന്നു മെസി ലോക ഫുട്‌ബോളറായത്. അമേരിക്കയുടെ കാര്‍ലി ആന്‍ ലോയിഡ് മികച്ച വനിതാ താരവുമായി.

ടെന്നീസ് കോര്‍ട്ടില്‍ ഇന്ത്യ-സ്വിസ് വസന്തം

ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും ഡബിള്‍സ് മത്സരങ്ങളില്‍ വിജയക്കുതിപ്പ് തുടരുന്നതാണ് 2016 ല്‍ കണ്ടത്. തുടര്‍ച്ചയായ 30 മത്സരങ്ങളിലാണ് ഈ കൂട്ട് കെട്ട് വിജയം കൊയ്തത്. 22 വര്‍ഷം മുമ്പ് ജിഗി ഫെര്‍ണാണ്ടസും നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 തുടര്‍ വിജയങ്ങളുടെ റെക്കോര്‍ഡാണ് ഇരുവരും പഴങ്കഥയാക്കിയത്.

ചരിത്രത്തിലെ കറുത്ത പൊട്ടായി മരിയ ഷറപ്പോവ

ടെന്നീസിലെ സൗന്ദര്യവും കരുത്തുമായിരുന്ന മരിയ ഷറപ്പോവ. മാര്‍ച്ച് എട്ടിന് താന്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി താരം തന്നെ കുറ്റസമ്മതം നടത്തിയതോടെ ഷറപ്പോവ ആരാധകരുടെ ഉള്ളില്‍ ഒരു തീരാ നോവായി മാറി. അഞ്ച് തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയിട്ടുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഷറപ്പോവയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 2006 മുതല്‍, നിരോധിച്ച മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചു വരുന്നുണ്ടെന്നായിരുന്നു ഷറപ്പോവയുടെ കുമ്പസാരം.

ഇന്ത്യന്‍ ഹോക്കിയില്‍ മലയാളി ശ്രീത്വം

മികച്ച ഹോക്കി താരത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാളി താരമായി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് മാറി. ഇന്ത്യയുടെ നായകനാകാനും ശ്രീജേഷിനായി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

വിട, വാട്‌സണ്‍

ലോക ക്രക്കറ്റിലെ എണ്ണം പറഞ്ഞ ഓള്‍റൗണ്ടര്‍മാരിലൊരാളായ ഷെയ്ന്‍ വാട്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു വാട്‌സണ്‍ അവസാനമായി ഇറങ്ങിയത്. തോല്‍വിയോടെ വിടവാങ്ങാനായിരുന്നു താരത്തിന്റെ വിധി.

ഫുട്‌ബോള്‍ ചരിത്രത്തില്‍ നീലക്കുറുക്കന്മാരുടെ ഓരിയിടല്‍

ഇംഗ്ലീഷ് ്പ്രീമിയര്‍ ലീഗില്‍ മാത്രമല്ല, ലോക ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ലസ്റ്ററിലെ നരിക്കൂട്ടത്തിന്റെ ഓരിയിടല്‍ അലയടിച്ചു. പ്രീമിയര്‍ ലീഗിലെ വമ്പന്മാരെയെല്ലാം മറികടന്ന് ലെസ്റ്റര്‍ സിറ്റി ചാമ്പ്യന്മാരായി. രണ്ടാം ഡിവിഷനില്‍ നിന്നും സ്ഥാനം കയറ്റം കിട്ടിയെത്തി രണ്ടാമത്തെ സീസണിലാണ് ലെസ്റ്റര്‍ ഈ നേട്ടം കൈവരിച്ചത്.

കോപ്പയില്‍ മെസിയുടെ കണ്ണീരുപ്പ്

ഒരിക്കല്‍ കൂടി അര്‍ജ്ജന്റീനയ്ക്ക് കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടമായി. ഷൂട്ടൗട്ടിനൊടുവില്‍ ചിലിയാണ് നീലപ്പടയെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വട്ടമായിരുന്നു ചിലി കോപ്പയുയര്‍ത്തുന്നത്. മത്സര ശേഷം നിറകണ്ണുകളോടെ മൈതാനം വിട്ട മെസ്സിയുടെ ചിത്രം ഇന്നും മറക്കാനാവാത്ത കാഴ്ച്ചയാണ്. തോല്‍വിയില്‍ മനം നൊന്ത് വിരമിക്കല്‍ പ്രഖ്യാപിച്ച് മെസ്സിയും സംഘവും പിന്നേയും ഞെട്ടിച്ചെങ്കിലും തീരുമാനം അദ്ദേഹം പിന്നീട് മാറ്റി.

ഇനിയില്ല ഇടിമുഴക്കം

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ജൂണ്‍ നാലിന് ലോകത്തോട് വിടപറഞ്ഞു. അമേരിക്കയിലെ കെന്റക്കിയിലായിരുന്ന മുഹമ്മദ് അലിയുടെ ജനനം. കാഷ്യസ് ക്ലേ എന്നായിരുന്നു ആദ്യത്തെ പേര്. 1960 ലെ റോം ഒളിമ്പിക്‌സില്‍ അമേരിക്കയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ അലി പിന്നീട് പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് ഇറങ്ങുകയായിരുന്നു. സോണി ലിസ്റ്റനെ തോല്‍പ്പിച്ച് ലോക ഹെവിവെയ്റ്റ് നേടിയ താരം പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലിയായി. മൂന്ന് തവണ ഹെവിവെയ്റ്റ് കിരീടം നേടിയ അലിയ്ക്ക് 2005 ല്‍ അമേരിക്കയുടെ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ നല്‍കി രാജ്യം ആദരിച്ചു.

യൂറോയില്‍ നങ്കൂരമിട്ട് പറങ്കിപ്പട

ഫ്രാന്‍സിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ആദ്യമായി യൂറോപ്യന്‍ ചാമ്പ്യന്മാരായി. എഡര്‍ ആയിരുന്നു പറങ്കികളുടെ വിജയ ഗോള്‍ നേടിയത്. പരിക്കേറ്റ് ഫൈനലിന്റെ തുടക്കത്തില്‍ തന്നെ സൈഡ് ബെഞ്ചിലേക്ക് മടങ്ങിയെങ്കിലും ക്രിസ്റ്റ്യാനോ തന്നെയായിരുന്നു ടീമിന് ചരിത്ര നേട്ടം സമ്മാനിച്ചത്.

മുന്നില്‍ തന്നെ ബോള്‍ട്ട്, വെള്ളത്തില്‍ അമേരിക്കയുടെ സ്വര്‍ണ്ണ മത്സ്യം

ഒളിമ്പിക്‌സ് കിരീടം അമേരിക്കയ്ക്ക്. അത്‌ലറ്റിക്ക്‌സില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് അപൂര്‍വ്വ ട്രിപ്പിള്‍ ട്രിപ്പിള്‍. 100,200,4×4000 മീറ്റര്‍ റിലെ വിഭാഗങ്ങളില്‍ മൂന്ന് ഒളിമ്പിക്‌സിലും കിരീടം നേടി ബോള്‍ട്ട് ചരിത്രപുരുഷനായി. നീന്തലില്‍ അമേരിക്കയുടെ സ്വര്‍ണ്ണമത്സ്യം മൈക്കല്‍ ഫെല്‍പ്‌സ് ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമായി.

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പെണ്‍പുലികള്‍

ബാഡ്മിന്റണില്‍ വെള്ളി നേടി പിവി സിന്ധുവും ഗുസ്തിയില്‍ വെങ്കലം നേടി സാക്ഷി മാലിക്കും ജിംനാസ്റ്റിക്ക്‌സില്‍ നാലമതെത്തി ദിപാ കര്‍മാക്കറും ഇന്ത്യയുടെ അഭിമാന താരങ്ങളായി. പേരുകേട്ട പുരുഷ താര നിര അമ്പേ പരാജയപ്പെട്ടിടത്തായിരുന്നു വനിതാ താരങ്ങളുടെ മിന്നും പ്രകടനം.

നാണക്കേടായി നാര്‍സിംഗ്

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യയുടെ ഗുസ്തി താരം നാര്‍സിംഗ് യാദവിന് അന്താരാഷ്ട്ര കായിക കോടതിയുടെ നാല് വര്‍ഷത്തെ വിലക്ക്. 74 കിലോ വിഭാഗത്തില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനിറങ്ങുന്നതിന് തൊട്ട് മുമ്പായിരുന്നു നാര്‍സിംഗിന് വിലക്ക് നേരിടേണ്ടി വന്നത്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറുമായുണ്ടായ വാക്ക് പോരും നാര്‍സിംഗിന് തിരിച്ചടിയായി.

ദില്‍ ‘സ്‌കൂപ്പ്‌സ്’

രണ്ട് പതിറ്റാണ്ടോളം ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാഗമായിരുന്ന തിലകരത്‌നെ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആഗസ്റ്റ് 28 ന് ഓസീസിനെതിരെയായിരുന്നു അവസാന മത്സരം.

ചരിത്രം കുറിച്ച് ഇംഗ്ലണ്ട്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്. പാകിസ്താനെതിരെ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് ചരിത്രം കുറിച്ചത്. 2006 ല്‍ ഹോളണ്ടിനെതിരെ ശ്രീലങ്ക നേടിയ 443 റണ്‍സായിരുന്നു അതുവരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

തല കുനിച്ച് ബിന്ദ്രയുടെ വിടവാങ്ങല്‍

ഇന്ത്യയ്ക്കായി ഒളിമ്പിക് സ്വര്‍ണ്ണം നേടിയ ഏകതാരം അഭിനവ് ബിന്ദ്ര ഷൂട്ടിംഗ് മത്സരത്തില്‍ നിന്നും വിരമിച്ചു. 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ താരമാണ് ബിന്ദ്ര. റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ കഴിയാത്തതിന്റെ ദുഖമായിരുന്നു ബിന്ദ്രയുടെ വിരമിക്കലിന് കാരണമായത്.

വെള്ളി വെളിച്ചത്തില്‍ യോഗേശ്വര്‍ ദത്ത്

ലണ്ടന്‍ ഒളിമ്പിക്‌സില്‍ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി മാറി. റഷ്യയുടെ ബെസിക് കുദുക്കോവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ മെഡല്‍ വെള്ളിയായി മാറിയത്. എന്നാല്‍ വെള്ളി മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ദത്ത് മെഡല്‍ കുദ്‌ക്കോവിന്റെ കുടുംബത്തിന് തിരിച്ചു നല്‍കുകയായിരുന്നു.

പകരക്കാരില്ലാതെ സെറീന വില്ല്യംസ്

ഗ്രാന്റ് സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ താരമെന്ന് റെക്കോര്‍ഡ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന വില്ല്യംസണിന്. 308 മത്സരങ്ങളിലാണ് സെറീന വിജയിച്ചത്. ഇതിഹാസ താരം റോജര്‍ ഫെഡററിന്റെ 307 വിജയത്തിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നത്.

ഓര്‍മ്മയായി ബാലണ്‍ദ്യോര്‍

ലോകത്തെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇനിയില്ല. ഫിഫയും ഫ്രാന്‍സ് ഫുട്‌ബോളും തമ്മില്‍ പിരിഞ്ഞതിനാലാണ് പുരസ്‌കാരം നല്‍കുന്നത് അവസാനിപ്പിച്ചത്. പകരം പഴയതുപോലെ രണ്ട് സംഘടനകളും വേറെ വേറെ പുരസ്‌കാരങ്ങള്‍ നല്‍കും. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് അവസാനത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലഭിച്ചത്.

അഞ്ഞൂറിലും പുറത്താകാതെ ഇന്ത്യ

അഞ്ഞൂറാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ടെസ്റ്റിലാണ് ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തി അപൂര്‍വ്വനേട്ടം കൈവരിച്ചത്. രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരം.

പാരാലിമ്പിക്‌സില്‍ നിവര്‍ന്ന് നിന്ന് ഇന്ത്യ

രണ്ട് സ്വര്‍ണ്ണവും ഒരോ വെള്ളിയും വെങ്കലവും പിന്നെയൊരു ലോക റെക്കോര്‍ഡുമായി പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയതെങ്കില്‍ ഹൈജമ്പില്‍ തന്നെ വെങ്കലം നേടി വരുണ്‍ ഭാട്ടിയും താരമായി. ജാവലിന്‍ ത്രോയില്‍ എഫ് 46 വിഭാഗത്തില്‍ ദേവേന്ദ്ര ജജാരിയയുടെ വകയായിരുന്നു അടുത്ത സ്വര്‍ണ്ണം. ഷോട്ട് പുട്ടില്‍ ദീപാ മലിക്ക് വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായി.

കബഡി കബഡി കബഡി

തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ കബഡി ലോകകപ്പില്‍ ചാമ്പ്യന്മാരായി. ഇറാനെ മലര്‍ത്തിയടിച്ചായിരുന്നു ഇന്ത്യ ചരിത്രമാവര്‍ത്തിച്ചത്. 12 പോയന്റ് നേടിയ അജയ് ഠാക്കൂറാണ് ഫൈനലിലെ താരം.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞു. മലേഷ്യയിലെ കുവാണ്ടനില്‍ ഒക്ടോബര്‍ 30ന് നടന്ന കലാശപോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ ഫുട്‌ബോളില്‍ നീല വസന്തം

എഎഫ്‌സി കപ്പിന്റെ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമായി ബംഗലൂരു എഫ്‌സി. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ടീമായി ബംഗലൂരുവിന്റെ നീലപ്പട മാറി. ഫൈനലില്‍ ഇറാഖ് ടീമായ എയര്‍ ഫോഴ്‌സ് ക്ലബ്ബിനോടാണ് ബംഗലൂരു എഫ്‌സി പരാജയപ്പെട്ടത്.

വീണ്ടും ഇന്ത്യയുടെ സിന്ധൂര തിലകം

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ പിവി സിന്ധു കരിയറിലെ ആദ്യത്തെ സൂപ്പര്‍ സീരിസ് കിരീടം നേടി. െൈചന സൂപ്പര്‍ സീരിസില്‍ ചൈനയുടെ തന്നെ താരമായ സണ്‍ യുവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

മൂന്നാം വട്ടവും കാള്‍സണ്‍

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സണ്‍ ജേതാവായി. റഷ്യന്‍ താരമായ സെര്‍ജി കര്യാക്കിനെ പരാജയപ്പെടുത്തിയാണ് കാള്‍സണ്‍ തന്റെ മൂന്നാമത്തെ കിരീടം സ്വന്തമാക്കിയത്.

കൊച്ചിയിലും കൊല്‍ക്കത്ത

വീറും വാശിയുമേറിയ പോരാട്ടം പെനാല്‍റ്റിയിലേക്ക് നീണ്ടപ്പോള്‍ ഐഎസ്എല്‍ കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. ആദ്യ ഫൈനലിന്‍രെ തനിയാവര്‍ത്തനമായ മത്സരത്തില്‍ കലൂരിലെ മഞ്ഞപ്പടയെ സാക്ഷിയാക്കിയാണ് കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

ജൂനിയര്‍ ഹോക്കിയിലും ഇന്ത്യ

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഇന്ത്യ ലോക ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ കരുണോദയം

ചെപ്പോക്ക് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍ ചരിത്രത്തിന്റെ താളുകളിലേയ്ക്ക്. പുറത്താകാതെ 303 റണ്‍സാണ് കരുണ്‍ നേടിയത്. വിരേന്ദര്‍ സെവാഗിന് ശേഷം ട്രിപ്പിള്‍ നേടുന്ന ആദ്യ താരമാണ് കരുണ്‍. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ചെപ്പോക്കില്‍ പിറന്നു.

കൂടുതല്‍ കരുത്തോടെ അശ്വമേധം

ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ ആര്‍ അശ്വിന്. മികച്ച് ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരവും അശ്വിന്. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കയുടെ കിന്റണ്‍ ഡി കോക്കിന്. ബ്രാത്ത്‌വെയ്റ്റാണ് മികച്ച ട്വന്റി-20 താരം.

DONT MISS
Top