നിലയ്ക്കാത്ത മണിക്കിലുക്കം ഇനി അഭ്രപാളിയില്‍; കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു

വിനയന്‍, കലാഭവന്‍ മണി

കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന ചിരിക്കിലുക്കമാണ് കലാഭവന്‍ മണി. ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ആ മണിക്കിലുക്കം അവസാനിക്കുകയായിരുന്നു. മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ആ അതുല്യ പ്രതിഭയുടെ ജീവിതം സിനിമയാവുകയാണ്. സംവിധാനം ചെയ്യുന്നത് മറ്റാരുമല്ല, കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളിലൂടെ മണിയിലെ അസാമാന്യ നടനെ ലോകത്തിന് കാണിച്ച് കൊടുത്ത വിനയന്‍.

ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനായി ചുമതലയേറ്റതിന് പിന്നാലെ തന്റെ ഫെയ്‌സ്ബുക്കിലൂടെ വിനയന്‍ തന്നെയാണ് വാര്‍ത്തയറിച്ചത്. മണിയുടെ ജീവിതകഥ കൂടാതെ മാറുമറയ്ക്കല്‍ സമരത്തിന് നേതൃത്വം കൊടുത്ത ചേര്‍ത്തലക്കാരിയായ നങ്ങേലിയുടെ കഥയും വിനയന്‍ സിനിമയാക്കുന്നുണ്ട്. ഇതിനേക്കുറിച്ചും സംവിധായകന്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നുണ്ട്.

ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും സംഘാടകര്‍ മണിയോട് അവഗണന കാണിച്ചുവെന്ന് ആരോപിച്ച് നേരത്തെ വിനയന്‍ രംഗത്തെത്തിയിരുന്നു. കല്ല്യാണ സൗഗന്ധികം മുതല്‍ വിനയന്റെ ചിത്രങ്ങളില്‍ മണിയുണ്ടായിരുന്നു. മലയാളക്കരയെ ഞെട്ടിച്ചു കൊണ്ട് ഈ വര്‍ഷം മാര്‍ച്ചിലാണ് മണി വിടപറഞ്ഞത്.

ഫാം ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണി മാര്‍ച്ച് ആറിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മണിയുടെ മരണം പലതരത്തിലും വിവാദമായി മാറിയിരുന്നു. മരണത്തിന്റെ ദുരൂഹത നീക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല.

DONT MISS
Top