മലയാള സിനിമയില്‍ പുലിയിറങ്ങിയ വര്‍ഷം; 2016 ല്‍ ജനപ്രീതി നേടിയ 10 ചിത്രങ്ങള്‍

മലയാള സിനിമ ചരിത്രത്തില്‍ 100 കോടിയെന്ന പൊന്‍ തിലകം ചാര്‍ത്തികിട്ടിയ വര്‍ഷമായിരുന്നു 2016. മലയാള സിനിമ പുലിയായി മാറിയ വര്‍ഷം. പുലിമുരുകനൊപ്പം ഈ വര്‍ഷം ജനപ്രീതി നേടിയ പത്ത് ചിത്രങ്ങളെടുത്താല്‍ ഏതൊക്കെയാണ് മികച്ച് നില്‍ക്കുന്നത് എന്ന് ഒന്ന് നോക്കാം.

പുലിമുരുകന്‍

ക്രിസ്തുമസ് ചിത്രങ്ങൾ റിലീസ് ചെയ്യാനാകാതെ പ്രതിസന്ധിനേരിടുമ്പോഴും 2016 മലയാളസിനിയുടെ ഏറ്റവും മികച്ച വർഷമായിരുന്നു. കേരളത്തിലെ തീയേറ്ററുകളിൽ പുലിയിറങ്ങിയ വർഷം. ഒക്ടോബറിലാണ് മലയാളസിനിമയുടെ ജാതകം തിരുത്തിയ പുലിമുരകൻറെ വരവ്. മലയാള സിനിമ ചരിത്രത്തിലാദ്യമായി 100 കോടിയെന്ന വിജയ കിരീടം പുലിമുരുകന്റെ ശിരസില്‍ ചാര്‍ത്തിക്കൊടുത്തു മലയാളികള്‍. വൈശാഖ് –മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന പുലിമുരകന്‍ ഇപ്പോഴും തീയറ്ററുകളില്‍ തുടരുന്നുവെന്നത് ആ ചിത്രത്തിന്റെ പ്രഭാവലയം എത്രമാത്രമെന്ന് കാണിച്ചുതരും.

ആക്ഷന്‍ ഹീറോ ബിജു

ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു, നിവിൻ തൻറെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ച സിനിമയായിരുന്നു. ആദ്യസമയങ്ങളിലെ നെഗറ്റീവ് റിവ്യൂകൾ മറികടന്ന് ഈ എബ്രിഡ് ഷൈന്‍ ചിത്രം വൻവിജയമായി. പ്രേമത്തിന്റെ ചൂടില്‍ നിന്നും ആക്ഷന്റെ പൊടിപാറും തട്ടിലേയ്ക്ക് നിവിന്‍ പോളിയെന്ന പയ്യനെ എബ്രിഡ് ഷൈന്‍ പക്വതയും പുരുഷത്വവമുള്ള നായകനാക്കി ഉയര്‍ത്തി ആക്ഷന്‍ ഹീറോ ബിജുവിലൂടെ.

മഹേഷിന്‍റെ പ്രതികാരം

പിന്നീട് വന്നത് ഇടുക്കിയുടെ തണുപ്പും മനോഹാരിതയും നാടന്‍ ഭാവവും കോര്‍ത്തിണക്കിയ മഹേഷിന്റെ പ്രതികാരമായിരുന്നു. വീട്ടിലെ വളര്‍ത്തുനായ മുതല്‍ അഭിനയിച്ചു തകര്‍ത്ത സാധാരണയില്‍ സാധാരണക്കാരുടെ ചിത്രമെന്ന ഖ്യാതി മഹേഷിനും കൂട്ടര്‍ക്കു നേടാനായി. ദിലീഷ് പോത്തന്റെ സംവിധാന മികവില്‍ താൻ ഒരു മികച്ച നടനാണന്ന് ഫഹദ് ഒരിക്കൽക്കൂടി തെളിയചിത്രമായിരുന്നു അത്. ചിത്രത്തിന്രെ ഓരോ ഘടകവും ഇഴകീറി ചര്‍ച്ചചെയ്യപ്പെട്ട നാളുകളായിരുന്നു പിന്നീട്.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം

2016 ലെ നിവിന്റെ രണ്ടാമത്തെ ഹിറ്റായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. രജ്ജിപണിക്കരെന്ന അഭിനേതാവിനെ മലയാഴികള്‍ കൂടുതല്‍ അടുത്തറിഞ്ഞു ജേക്കബിലൂടെ. വിനീതും നിവിനും ഒന്നിച്ചപ്പോഴോക്കെ ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. ആ പതിവ് ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യവും തെറ്റിച്ചില്ല.

ഹാപ്പി വെഡ്ഡിംഗ്

2016 ലെ സർപ്രൈസ് ഹിറ്റായിരുന്നു ഹാപ്പി വെഡിംഗ്. മുന്‍ നിര താരങ്ങളോ ബിഗ് ബജറ്റിന്റെ പിന്തുണയോ ഇല്ലാതെ വന്ന ഹാപ്പി വെഡ്ഡിംഗ് ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

കമ്മട്ടിപ്പാടം

ഈ വര്‍ഷത്തെ മെയ് കാമ്പുള്ള സിനിമയെത്തിയ മാസമായിരുന്നു. കമ്മട്ടിപ്പാടത്തിലൂടെ മലയാളത്തിന് ബാലേട്ടന്‍ എന്ന കഥാപാത്രവും വിനായകന്‍ എന്ന അതുല്യ നടന്‍റെ ഉത്ഭവവും സമ്മാനിക്കപ്പെട്ടു. ദുല്‍ഖറിന്‍റെ വളരെ ശക്തമായ കഥാപാത്ര പകര്‍ച്ചയുടെ വേദി കൂടിയായിരുന്നു ഈ ചിത്രം.

ആന്‍ മരിയ കലിപ്പിലാണ്

പൂമ്പാറ്റ സുനിയും ആന്‍ മരിയയും പെട്ടെന്ന് മലയാളികളുടെ മനസ്സിലേയ്ക്ക് കയറിക്കൂടി ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടാന്‍ ഈ മിഥുന്‍ സാമുവല്‍ ചിത്രത്തിന് സാധിച്ചു.

ഒപ്പം

ഓണത്തിന്‍ ശരിക്കും മത്സരം തന്നെയായിരുന്നു തീയറ്ററുകളില്, മോഹന്‍ ലാലിന്റെ ഒപ്പം, പൃഥ്വിരാജിന്റെ ഊഴം, ജൂഡ് ആന്റണിയുടെ മുത്തശ്ശിഗദ എന്നിവ ഓണത്തിന് പണം വാരിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇതില്‍ മികച്ചത് എതെന്നതിന് ഒറ്റയുത്തരം, ഒപ്പം തന്നെ. മോഹന്‍ ലാല്‍ അന്ധകഥാപാത്രമായി വന്ന ഈ പ്രിയദര്‍ശന്‍ പടം തകര്‍പ്പന്‍ വിജയമാണ് ബോക്സ് ഓഫീസില്‍ കരസ്ഥമാക്കിയത്.

തോപ്പില്‍ ജോപ്പന്‍

പുലിമുരുകന്‍ ഇടിച്ചുവീഴ്ത്തിയെങ്കിലും തോപ്പില്‍ ജോപ്പന് അര്‍ച്ച വിജയം കൈവരിക്കാന് സാധിച്ചു. മമ്മൂട്ടിയുടെ 2016 ലെ ഏക ഹിറ്റ് ചിത്രം കൂടിയായി മാറി ജോപ്പന്‍.

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍.

ഒടുവിലായി മലയാളത്തിന്‍ സ്വന്തം ഋതിക് റോഷനെ സമ്മാനിച്ചു നാദിര്‍ഷ. സ്ഥിരം നായകസങ്കല്‍പങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന ഒരാള്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കാണാന്‍ ചേലുമുണ്ടായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെന്ന നല്ല നടനെ മലയാളക്കര ഏറ്റെടുത്തു.

ആനന്ദം, പാവാട, ജെയിംസ് ആന്‍ഡ് ആലിസ്, ഗപ്പി, തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ കൂടി സമ്മാനിച്ചാണ് 2016 വിടപറയുന്നത്. ക്രിസ്മസ് റിലീസ് കൂടി ഉണ്ടായിരുന്നുവെങ്കില്‍ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും അധികം ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമായി ഒരു പക്ഷെ 2016 മാറിയേനെ

DONT MISS
Top