വിവാഹമുണ്ടെങ്കില്‍ മറച്ച് വെക്കില്ല; അനുഷ്‌കയുമായുള്ള വിവാഹ വാര്‍ത്ത നിഷേധിച്ച് കോഹ്ലി

ഫയല്‍ ചിത്രം

മുംബൈ: ഒടുവില്‍ വിരാട് മൗനം വെടിഞ്ഞു. ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌കാ ശര്‍മ്മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ രംഗത്തെത്തി. അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം ഉടനെയില്ല. അങ്ങനെയൊരു നിശ്ചയമുണ്ടെങ്കില്‍ ഞങ്ങള്‍ മറച്ച് വെക്കില്ലെന്നും കോഹ്ലി പറഞ്ഞു.

ജനുവരി ഒന്നിന് ഇരുവരുടെയും വിവാഹ നിശ്ചയം ഉണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരുടെയും കുടുംബങ്ങളും ബോളിവുഡിലെയും, ബിസിനസ് രംഗത്തെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ട് കോഹ്ലി തന്നെ രംഗത്തെത്തിയത്.

മാധ്യമങ്ങളെയും ഇന്ത്യന്‍ താരം വിമര്‍ശിച്ചു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രതിരോധിക്കുന്നതിന് പകരം അവ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിരാട് കോഹ്ലി പറഞ്ഞു.

ഇരു താരങ്ങളും കരിയറില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത വര്‍ഷമായിരുന്നു 2016. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 973 റണ്‍സ് അടക്കം 2595 റണ്‍സാണ് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്. രണ്ട് ഹിറ്റ് സിനിമകളില്‍ അനുഷ്‌കയും ഭാഗമായിരുന്നു. അനുഷ്‌ക നായികയായ സുല്‍ത്താന്‍, ഏയ് ദില്‍ഹേ മുഷ്‌കില്‍ എന്നിവ 2016ല്‍ മികച്ച വിജയം നേടിയ സിനിമകളായിരുന്നു.

DONT MISS
Top