സന്തോഷ് ട്രോഫി: കേരള ടീമിനെ ഉസ്മാന്‍ നയിക്കും, 20 അംഗ ടീമിനെ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിടി താരമായ വി ഉസ്മാന്‍ നയിക്കുന്ന ടീമില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. ഫിറോസ് ഖാനാണ് വൈസ് ക്യാപ്റ്റന്‍.

നവംബര്‍ 22 ന് കാര്യവട്ടം എല്‍എന്‍സിപിഇയില്‍ ആരംഭിച്ച ക്യാംപില്‍ പങ്കെടുത്ത 67 പേരില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ജനുവരി അഞ്ചിനാണ് ടൂര്‍ണമെന്റിന്റെ പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30 നും 4.30 നുമാണ് മത്സരങ്ങള്‍ നടക്കുക.

ആന്ധ്ര, കര്‍ണാടക, പുതുച്ചേരി ടീമുകള്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. സര്‍വീസ്, തമിഴ്‌നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നിവരാണ് പ്രാഥമിക റൗണ്ടിലെ ബി ഗ്രൂപ്പിലുള്ളത്. ഉദ്ഘാടന മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. 4.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കര്‍ണാടകം ആന്ധ്രയെ നേരിടും.

പ്രാഥമിക ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന ഓരോ ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് കടക്കും. നേരത്തെ തന്നെ നേരിട്ട് യോഗ്യത നേടിയിട്ടുള്ള ടീമുകള്‍ ഇവര്‍ക്കൊപ്പം ചേരും. യോഗ്യതാ മത്സരങ്ങള്‍ക്ക് കോഴിക്കോട് വേദിയാകുന്നുണ്ട്. സന്തോഷ് ട്രോഫിയില്‍ പ്രാഥമിക റൗണ്ടിലെ 12 മത്സരങ്ങള്‍ക്കാണ് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ രണ്ട് ഗ്രൗണ്ടുകളും ദേവഗിരി കോളജ്, ഫറൂക്ക് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവടങ്ങളിലായിരിക്കും സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കെത്തുന്ന ടീമുകള്‍ക്ക് പരിശീലനം.

കേരളം മുന്നേറിയാല്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കും കോഴിക്കോട് വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2005 നവംബറിലാണ് അവസാനമായി സന്തോഷ്‌ട്രോഫി ക്ലസ്റ്റര്‍ മത്സരങ്ങള്‍ക്ക് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയായത്. വിപി ഷാജിയുടെ കീഴില്‍ യുവനിരയുമായാണ് കേരള ടീം ഇത്തവണ എത്തുന്നത്. ഈ മാസം അവസാനത്തോടെ കേരള ടീം പരിശീലനത്തിനായി കോഴിക്കോടെത്തും.

DONT MISS
Top