പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ മമ്മൂട്ടിയും ഇന്നസെന്റും;നിലവിളിച്ച് പാക് മാധ്യമങ്ങള്‍

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റ് ഹാക്ക് ചെയ്തപ്പോള്‍

കൊച്ചി: കളി ചെറിയ നിലയില്‍ തുടങ്ങിയതാണ്. പക്ഷെ പാക് ഹാക്കര്‍മാര്‍ തെരഞ്ഞെടുത്ത എതിരാളികള്‍ മാറിപ്പോയി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള അനൗദ്യോഗിക സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ തുടങ്ങിയ കളി ഇപ്പോള്‍, പാകിസ്താന് പാലുംവെള്ളത്തിലാണ് പണി കൊടുത്തുകൊണ്ടിരിക്കുന്നത്. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നാലെ ഇപ്പോളിതാ പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട വെബ്‌സൈറ്റിലാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ കൈവെച്ചിരിക്കുന്നത്. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത് മലയാളി ഹാക്കര്‍മാരാണ്.

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ മിഥുനത്തിലെ ഇന്നസെന്റും, ബെസ്റ്റ് ആക്ടറിലെ മമ്മൂട്ടിയെല്ലാമുണ്ട്. ഒപ്പം ഇന്ത്യന്‍ ദേശീയ പതാകയും പാറുന്നുണ്ട് സൈറ്റില്‍. ‘പിക്ച്ചര്‍ അഭീ ബാക്കി ഹേ ഭായി’ എന്നും ‘ഇങ്ങോട്ട് കയറി ചൊരിയാതിരിക്കുക, പറ്റുമെങ്കില്‍ ആരും കാണാതെ കരയുക’ എന്നുമെല്ലാം മലയാളത്തിലും എഴുതിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റിനിതെന്ത് പറ്റിയെന്ന് അമ്പരന്നിരിക്കുകയാണ് കമ്മീഷനെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാക് മാധ്യമങ്ങളാകെ വലിയ പ്രാധാന്യത്തോടെയാണ് മലയാളി ഹാക്കര്‍മാരുടെ ഈ ചെയ്തിയെ സമീപിച്ചിരിക്കുന്നത്. എങ്ങനെ ഇത് സാധിച്ചുവെന്ന് അടിയന്തിര പരിശോധനയിലാണ് കമ്മീഷനെന്നും മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയോ ടിവി, ന്യൂസ് 7 പാകിസ്താന്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ വലിയ അങ്കലാപ്പില്‍ തന്നെയാമ് ഈ വാര്‍ത്തകളാകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പതാകയ്‌ക്കൊപ്പം, വിവിധ ചിത്രങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ന് വൈകുന്നേരത്തോടെ വാര്‍ത്ത കൊടുക്കാന്‍ മടിച്ച പാക് മാധ്യമങ്ങളെയും മലയാളി ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു. പാക് സൈറ്റുകളില്‍ വാര്‍ത്തയെഴുതാനും ചിത്രങ്ങളിടാനും എല്ലാവര്‍ക്കും അവസരമൊരുക്കിയാണ് ഹാക്കര്‍മാര്‍ പണി കൊടുത്തിരിക്കുന്നത്. കേരള സൈബര്‍ വാരിയേഴ്‌സാണ് ഹാക്കിംഗ് നടത്തി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കാശ്മീര്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെയും മിര്‍പൂര്‍ ന്യൂസിന്റേയും യൂസര്‍നെയ്മും പാസ്‌വേര്‍ഡും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയതും തിരിച്ചടിയ്ക്ക് വഴിയൊരുക്കിയതും. കേരള സൈറ്റ് ഹാക്ക് ചെയ്തത് ന്യൂസായി, നമ്മള്‍ തിരിച്ച് ഹാക്കിയതും ട്രോളിയതും പാകിസ്താന്‍ മീഡിയ ന്യൂസ് ആക്കിയില്ല. സങ്കടപ്പെടണ്ട, സ്വന്തമായി പാകിസ്താന്‍ മീഡിയയില്‍ ന്യൂസ് എഴുതാന്‍ അവസരം. എന്ന പറഞ്ഞാണ് കേരള സൈബര്‍ വാരിയേഴ്‌സ് പാക് ന്യൂസ് സൈറ്റായ മിര്‍പൂര്‍ ന്യൂസിന്റെ യൂസര്‍നെയിമും പാസ് വേര്‍ഡുമെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ് ബുക്കില്‍ ഇതിന്റെ ലിങ്ക് ഇവര്‍ പങ്ക് വച്ചിട്ടുമുണ്ട്. ഈ ലിങ്കുപയോഗിച്ച് കയറുന്നവര്‍ക്ക് യഥേഷ്ടം സൈറ്റില്‍ വാര്‍ത്തകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാം.

ഹാക്ക് ചെയ്യപ്പെട്ട പാക് വാര്‍ത്താ സൈറ്റ്

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് ഇന്നലെ ഹാക്കിങ്ങ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ഹാക്കിങ്ങിന് നേതൃത്വം നല്‍കിയിരിക്കുന്നത് കേരളാ സൈബര്‍ വാരിയേഴ്‌സാണ്. ഹാക്കിയത് ഡി ഗ്രേഡ് സൈറ്റ് ആണെങ്കിലും കളിച്ചത് കേരളത്തില്‍ വന്നാണ്. കിട്ടിയതിനേക്കാള്‍ കൂടുതല്‍ തിരിച്ചു കൊടുക്കുന്നത് മലയാളികള്‍ക് പണ്ടേ ഉള്ള സ്വഭാവം ആണ്. അപ്പോള്‍ ഇന്നലെ നിര്‍ത്തിയടത്തു നിന്ന് നമുക്ക് തുടങ്ങാം അല്ലെ എന്നുപറഞ്ഞു കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പാക് സൈറ്റുകളുടെ വിവരങ്ങള്‍ കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് ഹാക്ക് ചെയ്യപ്പെട്ടവയില്‍ പാകിസ്താന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള രണ്ട് സൈറ്റുകളും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 34 വെബ്‌സൈറ്റുകളുമാണ് ഹാക്ക് ചെയ്തിരിക്കുന്നത്. സുരക്ഷയൊരു മിഥ്യയാണെന്ന മുന്നറിയിപ്പുമായാണ് സൈബര്‍ വാരിയേഴ്‌സിന്റെ ഹാക്കിങ്. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ ഇന്നലെ മലയാള സിനിമാ താരങ്ങളെ അവതരിപ്പ് അല്‍പം രസകരമായിട്ടായിരുന്നു ഹാക്കിങ്ങ് എങ്കില്‍ ഇന്ന് മലയാളികള്‍ ദേശസ്‌നേഹമാണ് പാക് സൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. വന്ദേമാതരത്തിനൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റ കരുത്ത് വിളിച്ചോതുന്ന നിരവധി ചിത്രങ്ങളും പാക് സെറ്റുകളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പകരമായി കൂടുതല്‍ പാക് സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്ന മുന്നറിയിപ്പും മലയാളി ഹാക്കര്‍മാര്‍ നല്‍കുന്നുണ്ട്.

കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ സൈറ്റ് ഹാക്ക്‌ചെയ്തത്. തങ്ങല്‍ അപരാജിതരാണെന്നും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വിശേഷിപ്പിച്ചായിരുന്നു ഹാക്കിങ്ങ്. ഹാക്കിങ്ങിനെ തുടര്‍ന്നുണ്ടായ താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ക്ക് ശേഷം ബുധനാഴ്ച്ച രാത്രിയോടെ സൈറ്റ് പൂര്‍വസ്ഥിതിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ സലീംകുമാറിന്റെ ചിത്രത്തോടെ പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക സൈറ്റ് പിന്നാലെ മലയാളികള്‍ ഹാക്ക് ചെയ്തിരുന്നു.

ഹാക്ക് ചെയ്ത പാക് വിമാനത്താവളത്തിന്റെ സൈറ്റ്

ഹാക്ക് ചെയ്ത പാക് വിമാനത്താവളത്തിന്റെ സൈറ്റ്

എന്തായാലും മാലപ്പടക്കത്തിന് തിരികൊടുത്തത് പോലെ പാകിസ്താന് മലയാളി ഹാക്കര്‍മാര്‍ പണികൊടുത്തുകൊണ്ടിരിക്കുകയാണ്

DONT MISS
Top