‘ലൂസിഫര്‍ ഞാന്‍ സംവിധാനം ചെയ്യും. പക്ഷേ…’; മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു

ഫയല്‍ ചിത്രം

ആരാധകരെ ആവേശത്തിന്റെ ‘എവറസ്റ്റി’ലെത്തിച്ച പ്രഖ്യാപനമായിരുന്നു പൃഥ്വിരാജ് നടത്തിയത്. മുരളിഗോപിയുടെ രചനയില്‍ താന്‍ സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്നു എന്നാണ് പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്.

എന്നാല്‍ ആരാധകര്‍ക്കുമേല്‍ ആശങ്കയുടെ കരിനിഴല്‍ പരത്തിക്കൊണ്ട് ലൂസിഫര്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്ത പുറത്തു വന്നത് അടുത്തിടെയാണ്. അഭിനയത്തിന്റെ തിരക്കിലായതിനാല്‍ പൃഥ്വിരാജിന് സംവിധാനം ചെയ്യാന്‍ കഴിഞ്ഞേക്കില്ല; അതിനാല്‍ ചിത്രം ഉപേക്ഷിച്ചു എന്നാണ് കിംവദന്തികള്‍ പരന്നത്.

ഇപ്പോഴിതാ എല്ലാ ആശങ്കകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഉത്തരവുമായി വന്നിരിക്കുകയാണ് ‘സംവിധായകന്‍’ പൃഥ്വിരാജ്. എന്തൊക്കെ സംഭവിച്ചാലും താന്‍ ലൂസിഫര്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും എന്നാണ് പൃഥ്വി പറയുന്നത്.

സിനിമ ഉപേക്ഷിച്ചു എന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. പക്ഷേ പൃഥ്വിയ്ക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട് ലൂസിഫറിന്റെ ആരാധകരോട്. ഇതുപോലൊരു വന്‍ പ്രൊജക്ട്, അതും മോഹന്‍ലാലിനെ വെച്ച് ചെയ്യുമ്പോള്‍ അതിന് കൃത്യമായ മുന്നൊരുക്കങ്ങള്‍ വേണ്ടതുണ്ട്. അതുകൊണ്ട് തനിക്ക് ഒരു വര്‍ഷത്തെ സമയം വേണമെന്നാണ് പൃഥ്വി പറയുന്നത്.

നിലവില്‍ അഭിനയിക്കുന്ന ആട്ജീവിതം, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അഭിനയത്തില്‍ നിന്ന് പൃഥ്വി താല്‍ക്കാലികമായി വിട്ടു നില്‍ക്കുമെന്നാണ് അറിയുന്നത്. ലൂസിഫര്‍ സംവിധാനം ചെയ്യാനായാണ് അത്.

DONT MISS
Top