യേശുവിന്റെ ജന്മദിനത്തില്‍ എന്തുകൊണ്ട് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ തരുന്നില്ല? ഉപയോക്താവിന്റെ ചോദ്യത്തിന് സുക്കര്‍ബര്‍ഗിന്റെ ഉരുളയ്ക്ക് ഉപ്പേരി!

ക്രിസ്മസ് ആശംസകള്‍ അറിയിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഉപയോക്താവിന്റെ രസകരമായ കമന്റ്. ക്രിസ്മസ് ദിനമായ ഞായറാഴ്ച്ചയാണ് സുക്കര്‍ബര്‍ഗ് ആസംസകള്‍ അറിയിച്ച് കുറിപ്പിട്ടത്. എല്ലാവര്‍ക്കും ക്രിസ്മസും ജൂത അവധി ദിവസമായ ഹനുക്കയും നേര്‍ന്നു കൊണ്ടായിരുന്നു സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ്. ഇതിന് താഴെ ആയി നിരവധി പേരാണ് കമന്റുകള്‍ ചേര്‍ത്തിരിക്കുന്നത്.

അതില്‍ ഒരാളാണ് രസകരമായ ഒരു ചേദ്യം ചോദിച്ച് സുക്കര്‍ബര്‍ഗിന്റെ ശ്രദ്ധ ക്ഷണിച്ചത്. യേശുവിന്റെ ജന്മദിനമായ ഇന്ന് എന്തുകൊണ്ടാണ് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ തരാത്തത് എന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ വന്നു ഫെയ്‌സ്ബുക്ക് മേധാവിയുടെ ഉരുളയ്ക്ക് ഉപ്പേരി മറുപടിയും. നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ യേശുവിന്റെ സുഹൃത്ത് അല്ലാത്തത് കൊണ്ടാണ് നോട്ടിഫിക്കേഷന്‍ വരാത്തതെന്നാണ് സുക്കര്‍ബര്‍ഗിന്റെ മറുപടി.

മറുപടി കമന്റ് നിരവധി പേരാണ് ലെയ്ക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ചില വിരുതന്മാര്‍ സുക്കര്‍ബര്‍ഗിനെ വിരേന്ദര്‍ സെവാഗിനോടും ഉപമിച്ചു. ഇത്തരത്തിലുള്ള ട്രോള്‍ മറുപടി നല്‍കാന്‍ ഇങ്ങേര് സെവാഗ് ആണോ എന്നാണ് ചിലരുടെ ചോദ്യം. പിന്നെയും നിരവധി ഉപയോക്താക്കള്‍ കമന്റുകളുമായി രംഗത്തെത്തി. ഇതിന് മിക്കതിനും സുക്കര്‍ബര്‍ഗ് മറുപടിയും നല്‍കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിന്റെ മേധാവി മറുപടി നല്‍കുന്നത് തങ്ങളെ സന്തോഷിപ്പിക്കുന്നെന്നും ഉപയോക്താക്കള്‍ കുറിച്ചിട്ടുണ്ട്. സമൂഹത്തോട് ആശയവിനിമയം നടത്തുന്നത് തനിക്ക് ഇഷ്ടമാണെന്നാണ് സുക്കര്‍ബര്‍ഗ് മറുപടി നല്‍കിയത്. ഇത്തവണയും സുക്കര്‍ബര്‍ഗ് തന്റെ കുടുംബത്തോടൊപ്പമാണ് ക്രിസ്മസ് ആഘോഷിച്ചത്. മകള്‍ മാക്‌സും ഭാര്യയായ പ്രസീല ചാനും വളര്‍ത്തുനായയായ ബീസ്റ്റിനും ഒപ്പമാണ് താന്‍ ക്രിസ്മസ് ആശംസകള്‍ നേരുന്നതെന്നാണ് സുക്കര്‍ബര്‍ഗ് കുറിച്ചത്.

2015 ഡിസംബര്‍ ഒന്നിനാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ഭാര്യ പ്രസില ചാനിനും കുഞ്ഞ് ജനിച്ചത്. അന്ന് ഫേസ്ബുക്കില്‍ മകള്‍ക്കായി സുക്കര്‍ബര്‍ഗ് എഴുതിയ കത്ത് നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടികള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചാന്‍ സുക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ് എന്ന പേരില്‍ ജീവകാരുണ്യ സംഘടനയ്ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഫേസ്ബുക്കിന്‌റെ 99 ശതമാനം ഷെയറുകളും മാറ്റി വച്ചിരിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായാണ്. ക്രിസ്മസ് ദിനമായ ഇന്നലെയും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സുക്കര്‍ബര്‍ഗ് സമയം കണ്ടെത്തിയിരുന്നു.

DONT MISS
Top