കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സര്‍ക്കാരിന്റെ ഡിജി-ധൻ സമ്മാന പദ്ധതി പ്രഖ്യാപിച്ചു ; പതിനയ്യായിരം പേർക്ക് സമ്മാനം

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്തള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും രണ്ട് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്. ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തേയും മന്‍ കി ബാത്തിന്റെ 27ആം പതിപ്പിലുമാണ് മോദിയുടെ പ്രഖ്യാപനം.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കു വേണ്ടി ലക്കി ഗ്രാഹക് യോജനയെന്നും ചെറുകിട കച്ചവക്കാര്‍ക്കു വേണ്ടി ഡിജി-ധന്‍ വ്യാപാര്‍ യോജന എന്ന പേരിലുമാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 വരെ ഈ പദ്ധതികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 ദിവസത്തേക്ക് പതിനയ്യായിരം പേര്‍ക്ക് 1000 രൂപ വീതമുള്ള സമ്മാനപദ്ധതി നല്‍കുന്നതാണ് ലക്കി ഗ്രഹക് യോജന.

എങ്ങനെ പണരഹിതമാവുമെന്നുള്ളതിനെ കുറിച്ച് പൊതുവായ ഒരു ആശങ്ക ജനങ്ങള്‍ക്കിടയില്‍ നിലനല്‍ക്കുന്നുണ്ട്. എന്നാല്‍ ആശ്ചര്യമെന്നും പറയട്ടെ, ഇന്ത്യയില്‍ 30 കോടി ആുകള്‍ റുപെയ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ്. അതില്‍ തന്നെ 20 കോടി ആളുകള്‍ പാവപ്പെട്ട കുടുംബങ്ങളില്‍ ഉള്ളവരാണെന്നുള്ളത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും മന്‍ കി ബാത്തില്‍ മോദി വ്യക്തമാക്കി. നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള ഈ അടുത്ത കാലങ്ങളില്‍ മാത്രം ഡിജിറ്റല്‍ ഇടപാടുകളില്‍ 200 മുതല്‍ 300 ശതമാനം വരെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പെയ്‌മെന്റുകളെ സംബന്ധിച്ച് അവബോധം നല്‍കുന്ന പരിപാടികളും ഈ കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കിയ ആസ്സാം സര്‍ക്കാരിനെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മോദി മന്‍ കി ബാത്തില്‍ പരമാര്‍ശിച്ചു.

രാജ്യത്തെ അനൗദ്യോഗിക തൊഴില്‍ മേഖലയില്‍ പണമിടപാടുകള്‍ നടക്കുന്നത് നേരിട്ടാണ്. ശമ്പളവും വേതനവും നേരിട്ട് പണമായി കയ്യില്‍ കൊടുക്കുന്നത് പലപ്പോഴും പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും വഴിയൊരുക്കുന്നു. എന്നാല്‍ കാഷ്‌ലെസ് ഇടപാടുകള്‍ ഈ ചൂഷണങ്ങള്‍ തടയുന്നതിന് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറകള്‍ക്കും പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നല്‍കുന്നത് സുവര്‍ണ്ണാവസരമാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും നികുതിയളവ് നല്‍കാനും പദ്ധതിയുണ്ട്.

നോട്ട് അസാധുവാക്കിയതിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകള്‍ മറികടക്കാനായി രാജ്യത്ത ജനങ്ങള്‍ നല്‍കിയ സഹകരണത്തിന് താന്‍ നന്ദി പറയുന്നു. തീരുമാനത്തിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പലരും തന്നെ അറിയിച്ചിരുന്നു. എന്നാല്‍ വലിയ ഒരു മാറ്റത്തിനു വേണ്ടിയാണ് ഇത്. അതിനെ മുന്‍നിര്‍ത്തിയുള്ള ജനസഹകരണം ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മഹത്വമാണ് ക്രിസ്മസിലൂടെ ലോകത്തിന് ലഭിക്കേണ്ട സന്ദേശമെന്നും അദ്ദേഹം മന്‍ കി ബാത്തില്‍ പറഞ്ഞു. ക്രിസ്തുമാസ് ദിനം ത്യാഗത്തിന്റേയും കാരുണ്യത്തിന്റേയും ദിനമാണെന്നും എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നുവെന്നും മന്‍ കിബാത്തിലൂടെ അദ്ദേഹം പറഞ്ഞു.

ഇന്ന മദന്‍ മോഹന്‍ മാളവ്യയുടെ ജന്മദിനം കൂടിയാണ്. ഇന്നത്തെ പഠനരീതിക്ക് വ്യക്തമായ ദിശാബോധം നല്‍കിയ ആളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. രാജ്യത്തിനു വേണ്ടി അദ്ദേഹം നല്‍കിയ സംഭവാനകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

15 വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഹോക്കി ലോക കിരീടം നേടിയ ടീമിനേയും ക്രിക്കറ്റിലെ നേട്ടങ്ങള്‍ക്ക് കരുണ്‍ നായരേയും ആര്‍ അശ്വിനേയും മോദി അഭിനന്ദിച്ചു. എല്ലാവര്‍ക്കും നവവത്സര ആശംസകളും നേര്‍ന്നുകൊണ്ടാണ് മോദി മന്‍ കി ബാത്ത് അവസാനിപ്പിച്ചത്.

DONT MISS
Top