50 ദിവസങ്ങള്‍ക്ക് ശേഷം സത്യസന്ധരല്ലാത്ത ആളുകളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകുമെന്ന് പ്രധാനമന്ത്രി

ദില്ലി: നോട്ട് നിരോധനത്തിന്റെ 50 ദിവസങ്ങള്‍ക്ക് ശേഷം സത്യസന്ധരായ ആളുകളുടെ ബുദ്ധിമുട്ടുകള്‍ കുറയുകയും സത്യന്ധരല്ലാത്ത ആളുകളുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ നോട്ട് നിരോധനത്തില്‍ സാധാരണക്കാരും ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ആവശ്യപ്പെട്ട 50 ദിവസത്തിന് ശേഷം അഴിമതിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ധിക്കും. അവരായിരിക്കും ശരിക്കും ബുദ്ധിമുട്ട് അനുഭവിക്കുകയെന്നും മോദി പറഞ്ഞു. മുംബൈയിലെ രണ്ട് മെട്രോ റെയില്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ചരിത്രപരമായ തീരുമാനമാണെന്ന മുന്‍ നിലപാട് മോദി ആവര്‍ത്തിച്ചു. താന്‍ അധികാരമേറ്റ നാള്‍മുതല്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരേയുള്ള പോരാട്ടം തുടരുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ കള്ളപ്പണവും അഴിമതിയും സ്വീകരിക്കില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കൊണ്ടിരിക്കുകയാണ്. മോദി പറഞ്ഞു.

താല്‍ക്കാലികമായി ഈ നടപടി കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണകരമായിരിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. മൂന്ന് വര്‍ഷക്കാലത്തെ തന്റെ ഭരണക്കാലയളവില്‍ രാജ്യത്ത് മികച്ച സാമ്പത്തിക പരിഷ്‌കാരങ്ങളാണ് നടത്തിവരുന്നത്. ഇതുമൂലം സാമ്പത്തിക കമ്മി ഇല്ലാതായി. രാജ്യത്ത് വിദേശ നാണ്യം ഉയര്‍ന്നു. പണപ്പെരുപ്പം കുറഞ്ഞു. ആഗോള സാമ്പത്തികമാന്ദ്യത്തില്‍ ലോകത്തെ പല സമ്പദ് വ്യവസ്ഥകളും തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top