ഞാന്‍ ലോകപ്രശസ്ത ഫുട്‌ബോളറായിരിക്കാം, പക്ഷെ യാഥാര്‍ത്ഥ ധീരര്‍ നിങ്ങളാണ്; സിറിയന്‍ കുരുന്നുകള്‍ക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപം കാരണം ദുരിതമനുഭവിക്കുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് പിന്തുണയുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് റൊണാള്‍ഡോ സിറിയയിലെ കുരുന്നുകള്‍ക്ക് ആശ്വാസവചനങ്ങളും പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇത് സിറിയന്‍ കുരുന്നുകള്‍ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.

‘നിങ്ങള്‍ എത്രത്തോളം ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. ഞാന്‍ ഒരു ലോക പ്രശസ്ത ഫുട്‌ബോളാറായിരിക്കാം, പക്ഷെ യഥാര്‍ത്ഥ ധീരര്‍ നിങ്ങളാണ്. നിങ്ങള്‍ പ്രതീക്ഷ കൈവിടരുത്, ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീഡിയോയില്‍ പറയുന്നത്. സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെ അംബാസിഡര്‍ കൂടിയായ ക്രിസ്റ്റ്യാനോ സിറിയന്‍ കുട്ടികളുടെ ക്ഷേമത്തിനായി വന്‍ തുകയും സംഭാവനയായി നല്‍കിയിട്ടുണ്ട്.

റൊണാള്‍ഡോ ലോകത്തെ ഫുട്‌ബോള്‍ ഇതിഹാസം മാത്രമല്ല. ലോകത്തെ ലക്ഷകണക്കിന് വരുന്ന കുരുന്നകളുടെ പ്രതീക്ഷയാണ്. അദ്ദേഹത്തിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സേവ് ദ ചില്‍ഡ്രന്റെ ഡയറക്ടര്‍ നിക്ക് ഫെന്നി പറഞ്ഞു. സമാനമായ രീതിയില്‍ 2012 ല്‍ പാലസ്തീനിലെ കുരുന്നകള്‍ക്ക് പിന്തുണയുമായി റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.

2011 ല്‍ യുറോപ്യന്‍ ഫുട്‌ബോള്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ച സുവര്‍ണ പാദുകം ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയ 1.5 മില്യണ്‍ ഡോളര്‍ തുക അദ്ദേഹം പാലസ്തീന്‍ കുട്ടികളുടെ ചികിത്സാ സഹായത്തിനാണ് താരം നല്‍കിയത്. കൂടാതെ റൊണാള്‍ഡോയുടെ ഷൂ കമ്പനി അദ്ദേഹത്തിന്റെ ഷൂ ലേലത്തില്‍ വിറ്റപ്പോള്‍ കിട്ടിയ തുകയും പാലസ്തീനിലെ ദുരിതബാധിതര്‍ക്ക് സംഭാവന ചെയ്തിരുന്നു.

DONT MISS
Top