ലണ്ടന്‍ ഗ്രാന്‍ഡ് മീലാദ് സമ്മേളനത്തിന് സമാപനം

പരിപാടിയില്‍ നിന്ന്

ലണ്ടന്‍: ബ്രിട്ടനിലെ മലയാളി മുസ്‌ലിം കൂട്ടായ്മയായ അല്‍-ഇഹ്‌സാന്‍ ദഅ്‌വ സെല്ലിന്റെ കീഴില്‍ സംഘടിപ്പിച്ച എട്ടാമത് ലണ്ടന്‍ ഗ്രാന്‍ഡ് മീലാദ് മഹാ സമ്മേളനം സമാപിച്ചു. ഈ മാസം 17-ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സമ്മേളനം ആരംഭിച്ചത്.

ബ്രിട്ടനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഇമാം ഹാഫിസ് റഫീഖ് കുറം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാചകന്‍ മുഹമ്മദ് (സ) യുടെ സഹജീവികളോടുള്ള സ്‌നേഹവും കരുണയും മാനുഷിക ജീവിതത്തില്‍ അനുധാവനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം പ്രഭഷണത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികളും ഉണ്ടായി.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഖാരിഅ് അബ്ദുല്‍ അസീസ്, അല്‍-ഇഹ്‌സാന്‍ ദഅ്‌വ സെല്‍ ബ്രിട്ടനിലെ മുസ്‌ലിങ്ങള്‍ക്ക് നല്‍കുന്ന സംഭാവനയെ കുറിച്ച് വിശദമായി പറഞ്ഞു. 12 വര്‍ഷത്തോളമായി അല്‍-ഇഹ്‌സാന്‍ ബ്രിട്ടനിലെ മലയാളി മുസ്‌ലിങ്ങള്‍ക്ക് നല്‍കി വരുന്ന ആത്മീയവും ഭൗതികവുമായ നേതൃത്വം വളരെ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മുഹമ്മദ് മുനീബ് സൂറാനി പ്രഭാഷണം നടത്തി.

എഴുനൂറോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. അല്‍-ഇഹ്‌സാന്‍ സെക്കന്ററി മദ്രസാ വാര്‍ഷിക പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വെച്ച് ഇമാം ഹാഫിസ് കുറം വിതരണം ചെയ്തു.

ശാഹല്‍ ഹമീദ്, ഗഫൂര്‍ അപ്പ, സിറാജ് ഓവല്‍ എന്നിവര്‍ പരിപാടിയില്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് അല്‍-ഇഹ്‌സാന്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പരിപാടി നടന്നു. സമാപന സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞത് ഗഫൂര്‍ സൗത്താറും നന്ദി പറഞ്ഞത് മുനീര്‍ വയനാടുമാണ്.

വീഡിയോ:

ചിത്രങ്ങള്‍:

DONT MISS
Top