വഴിമുടക്കിയായി സാംസംഗ്; വിമാനം വൈകിയതിനു കാരണം വൈഫൈ ഹോട്ട്‌സ്‌പോട്ട്!

പ്രതീകാത്മക ചിത്രം

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബോസ്റ്റണിലേക്ക് പോകാനുള്ള വെര്‍ജിന്‍ എയര്‍ലൈന്‍സിന്റെ വിമാനം വൈകി. വിമാനത്തിനുള്ളില്‍ കണ്ട ഒരു വൈഫൈ ഹോട്ട് സ്‌പോട്ടാണ് വിമാനം വൈകാന്‍ കാരണമായത്. യാത്രക്കാര്‍ക്കിടയിലെ ഏതോ ഒരു വിരുതനോ വിരുതയോ ഒപ്പിച്ച രസകരമായ ഒരു പണിയായിരുന്നു ഇതെന്നാണ് കരുതുന്നത്.

പറന്നുയര്‍ന്ന ഉടനെ വിമാനത്തിനുള്ളില്‍ കണ്ട വൈഫൈ ഹോട്ട്‌സ്‌പോട്ടിന്റെ പേര് ‘സാംസംഗ് ഗ്യാലക്‌സി നോട്ട് 7’ എന്നായിരുന്നു. ഇതാണ് വിമാനം വൈകാന്‍ കാരണമായത്. പൊട്ടിത്തെറിയിലൂടെ കുപ്രസിദ്ധി നേടിയ സാംസംഗ് ഗ്യാലക്‌സി നോട്ട് 7-ന് വിമാനങ്ങളിലുള്ള വിലക്ക് അവിടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഉടന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.

യാത്രക്കാരിലൊരാള്‍ തന്റെ ലാപ്‌ടോപ്പ് പരിശോധിക്കുന്നതിനിടെയാണ് ‘സാംസംഗ് ഗ്യാലക്‌സി നോട്ട് 7’ എന്ന വൈഫൈ ഹോട്ട്‌സ്‌പോട്ട് ശ്രദ്ധയില്‍ പെട്ടത്. ഇതിന്റെ ദൃശ്യങ്ങളും വിമാനത്തിനുള്ളില്‍ നിന്ന് കേട്ട അറിയിപ്പുകളും ഇദ്ദേഹം ട്വീറ്റ് ചെയ്തു.

ആരുടെയെങ്കിലും കൈവശം ഗ്യാലക്‌സി നോട്ട് 7 ഉണ്ടെങ്കില്‍ കോള്‍ ബട്ടണ്‍ അമര്‍ത്തണം എന്നാണ് വിമാനത്തിനുള്ളില്‍ നിന്ന് ലഭിച്ച ആദ്യ അറിയിപ്പ് എന്ന് ലൂകാസ് എന്ന യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു. ‘ഇത് തമാശയല്ല, ഞങ്ങള്‍ ലൈറ്റുകള്‍ ഓണ്‍ ചെയ്ത് എല്ലാവരുടേയും ബാഗുകള്‍ പരിശോധിക്കാന്‍ പോകുകയാണ്’ എന്നായിരുന്നു അടുത്ത അറിയിപ്പ്.

പിന്നീട് ‘സാംസംഗ് ഗ്യാലക്‌സി നോട്ട് 7’ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉടമസ്ഥന്‍ മുന്‍പോട്ടു വരികയായിരുന്നു. തന്റെ കൈവശം ഗ്യാലക്‌സി നോട്ട് 7 ഫോണ്‍ ഇല്ലെന്നും കയ്യിലുള്ള ഫോണിന്റെ വൈഫൈ എസ്എസ്‌ഐഡിയുടെ പേര് മാത്രമാണ് അതെന്നും ഇയാള്‍ പറഞ്ഞു. ഈ വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ‘Samsung Galaxy Note 7_1097’ എന്നായിരുന്നു ഹോട്ട്‌സ്‌പോട്ടിന്റെ പേര്.

പിന്നീട് വിമാനത്തില്‍ മുഴങ്ങിയ അറിയിപ്പ് ഇങ്ങനെയായിരുന്നു: ‘ആ ഉപകരണം നമ്മള്‍ കണ്ടെത്തി. ഭാഗ്യവശാല്‍ അതിന്റെ പേര് മാത്രമാണ് ഗ്യാലക്‌സി നോട്ട് 7 എന്നത്. അതൊരു ജിഎന്‍ 7 അല്ലായിരുന്നു’. ഈ വാര്‍ത്ത കണ്ട അമേരിക്കക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പ് തങ്ങളുടെ ഹോട്ട്‌സ്‌പോട്ടിന്റെ പേര് പരിശോധിക്കുമെന്നാണ് കേള്‍ക്കുന്നത്.

വീഡിയോ:

ട്വീറ്റുകള്‍:

DONT MISS
Top